തിരുവനന്തപുരം: തലസ്ഥാനത്ത് എക്സൈസ് നടത്തിയ വമ്പൻ ഹാഷിഷ് ഓയിൽവേട്ട കേസിലെ പ്രതിയായ കുപ്രസിദ്ധ മയക്കുമരുന്ന് ഇടപാടുകാരൻ കോട്ടയം നീണ്ടൂർ സ്വദേശി ജോർജ് കുട്ടിക്കെതിരെ കുറ്റപത്രമായി. ഹാഷിഷ് കടത്ത് കേസിൽ തിരുവനന്തപുരം സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന ജോർജ് കുട്ടിക്കെതിരെ തിരുവനന്തപുരം അസി.എക്സൈസ് കമ്മിഷണറാണ് അന്വേഷണം പൂർത്തിയാക്കി കുറ്രപത്രം തയ്യാറാക്കിയിരിക്കുന്നത്. കുറ്റപത്രം ഉടൻ കോടതിയിൽ സമർപ്പിക്കും.
ഇക്കഴിഞ്ഞ ജൂൺ 22ന് തിരുവനന്തപുരം എക്സൈസ് സി.ഐ എം. അനികുമാറും സംഘവുമാണ് കാറിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ച് കടത്തിയ 20.64 കി. ഗ്രാം ഹാഷിഷും 220 ഗ്രാം ചരസും 2.5 കി.ഗ്രാം കഞ്ചാവുമായി തിരുവല്ലം ഭാഗത്ത് നിന്ന് ജോർജ് കുട്ടിയെ പിടികൂടിയത്. സംസ്ഥാനത്തിനകത്തും പുറത്തും നിരവധി മയക്കുമരുന്ന് കേസുകളിലും ക്രിമിനൽ കേസുകളിലും പ്രതിയാണ് ഇയാൾ. ആന്ധ്രയിൽ നിന്ന് ബംഗളൂരു വഴി കാർ മാർഗം കടത്തികൊണ്ടുവന്ന ഹാഷിഷ് ഓയിൽ കേസിന്റെ തെളിവെടുപ്പിനിടെ കഴിഞ്ഞ ജൂലായ് 4ന് ബംഗളൂരുവിലെ മജിസ്റ്റിക്കിൽ എക്സൈസുകാരെ വെട്ടിച്ച് ജോർജ് കുട്ടി രക്ഷപ്പെടുകയായിരുന്നു.
ആഴ്ചകൾക്ക് ശേഷം സാഹസികമായാണ് എക്സൈസ് ഇയാളെ പിടികൂടിയത്. ആന്ധ്രയിലെ കഞ്ചാവ് വ്യാപാര സങ്കേതത്തിൽ അഭയം തേടിയിരുന്ന ജോർജ് കുട്ടി മലപ്പുറം നിലമ്പൂരിലെ ഭാര്യവീട്ടിലെത്തിയെന്ന രഹസ്യവിവരത്തെതുടർന്ന് പിടികൂടാനെത്തിയ എക്സൈസ് സംഘത്തിന് നേരെ വെടിയുതിർത്തിരുന്നു. എക്സൈസ് ഇൻസ്പെക്ടർക്ക് വെടിയേറ്റ സംഭവത്തിൽ ബലപ്രയോഗത്തിലൂടെ സാഹസികമായാണ് ജോർജ് കുട്ടിയെ കീഴ്പ്പെടുത്തിയത്.
കാറിന്റെ രജിസ്ട്രേഷൻ വ്യാജം
ഹാഷിഷ് ഓയിൽ കടത്താനുപയോഗിച്ച കാർ വ്യാജ രജിസ്ട്രേഷനിലായിരുന്നു ഓടിയതെന്ന് അന്വേഷണത്തിൽ സ്ഥിരീകരിച്ചു. മയക്കുമരുന്ന് കടത്തിനിടെ വാഹനം പിടിക്കപ്പെട്ടാലും രക്ഷപ്പെടാനുള്ള തന്ത്രമായിരുന്നു ഇത്. വാഹനം പൊളിച്ച് വിൽക്കുന്ന സ്ഥലത്ത് നിന്ന് സംഘടിപ്പിച്ച ആർ.സി ബുക്കിലെ വ്യാജ നമ്പരിലായിരുന്നു കാർ ഉപയോഗിച്ചിരുന്നത്. എക്സൈസിനെ ആക്രമിക്കാൻ ഉപയോഗിച്ച തോക്ക് ബീഹാറിൽ നിന്ന് വാങ്ങിയതാണെന്നും കണ്ടെത്തിയിട്ടുണ്ട്. ജോർജ് കുട്ടിയെ എക്സൈസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ സഹായിച്ച ബംഗളൂരുവിലെ എം.ബി.എ വിദ്യാർത്ഥി അനിരുദ്ധ്, സുഹൃത്ത് മുഹമ്മദ് ഷഹീർ എന്നിവരും കേസിൽ പ്രതികളാണ്.
ജോർജ് കുട്ടിക്കെതിരായ മറ്റ് കേസുകൾ
നിലമ്പൂർ കാളികാവിൽ ഒരു കിലോ കഞ്ചാവുമായി പിടികൂടിയിലായത്
എക്സൈസ് ഉദ്യോഗസ്ഥരെ വെടിവച്ച് കൊല്ലാൻ ശ്രമിച്ചതിന് കേസ്
കോട്ടയം, ചിങ്ങവനം, ഏറ്റുമാനൂർ, ഹിൽപാലസ് പൊലീസ് സ്റ്റേഷനുകളിൽ കേസുകൾ
ചിങ്ങവനത്ത് പൊലീസുകാരനെ വധിക്കാൻ ശ്രമിച്ച കേസ്
കോട്ടയത്ത് ഹൈവേ റോബറി കേസ്