തിരുവനന്തപുരം: ഭാരതത്തിന്റെ മതേതരത്വത്തെ കൊലപ്പെടുത്തുന്ന നയമാണ് പൗരത്വ ബില്ലിലൂടെ കേന്ദ്ര സർക്കാർ നടപ്പാക്കുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹനയങ്ങൾക്കും വിലക്കയറ്റത്തിനുമെതിരേ യു.ഡി.എഫിന്റെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതത്തിന്റെ പേരിൽ പൗരത്വം നൽകുന്ന നടപടി മതേതര രാജ്യത്ത് ആദ്യ സംഭവമാണ്. ഗാന്ധിയൻ ആശയങ്ങൾക്ക് നേരെയുണ്ടായ വെല്ലുവിളിയാണിത്. നരേന്ദ്രമോദി രാജ്യത്തിന്റെ ഭരണഘടനയെ പിച്ചിച്ചീന്തുകയാണ്. സവർക്കറുടെയും ജിന്നയുടേയും ആഗ്രഹമായിരുന്നു മതത്തിന്റെ പേരിൽ രാജ്യത്തെ വിഭജിക്കുക എന്നത്. അതേ രീതിയിൽ ഇന്ത്യയെ തകർക്കാനാണ് മോദി ശ്രമിക്കുന്നത്. രാജ്യത്ത് ബോധപൂർവം വർഗീയ സംഘർഷങ്ങൾ വർദ്ധിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി പിണറായി വിജയന്റെ തുടർച്ചയായുള്ള വിദേശ സന്ദർശനം സംസ്ഥാനത്ത് എന്തു നേട്ടമാണ് ഉണ്ടാക്കിയതെന്ന് വ്യക്തമാക്കണം. നിരവധി വ്യവസായികളെ കേരളത്തിലേക്ക് എത്തിക്കാൻ സാധിച്ചെന്നാണ് സർക്കാർ പറയുന്നത്. നിലവിലുള്ള വ്യവസായങ്ങൾ മികച്ച രീതിയിൽ ആക്കിയിട്ടുപോരെ പുതിയ വ്യവസായികളെ ക്ഷണിക്കുന്നത്. ജോലി ചെയ്തിട്ട് കൂലിക്ക് വേണ്ടി സമരം ചെയ്യേണ്ട അവസ്ഥയിലാണ് കെ.എസ് .ആർ.ടി.സി തൊഴിലാളികളെന്നും ഖജനാവ് കാലിയായിട്ടും സർക്കാരിന്റെ ധൂർത്തിൽ കുറവില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. മുൻ കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസൻ,യു.ഡി.എഫ് നേതാക്കളായ വി.എസ്.ശിവകുമാർ, ടി.ശരത്ചന്ദ്രപ്രസാദ്, ബീമാപ്പള്ളി റഷീദ്, സോളമൻ അലക്സ്, നെയ്യാറ്റിൻകര സനൽ ,എം.പി.സജു, തമ്പാനൂർ രവി തുടങ്ങിയവർ സംസാരിച്ചു