വാഷിംഗ്ടൺ: സർപ്രൈസ് ബോണസ് പ്രഖ്യാപിക്കുന്നത് ചില കമ്പനികളുടെ രീതിയാണ്. അമേരിക്കയിൽ മേരിലാൻഡിലെ പ്രമുഖ റിയൽ എസ്റ്ററ്റ് കമ്പനിയായ സെന്റ് ജോൺ പ്രോപ്പർട്ടീസ് സർപ്രൈസ് ബോണസിലൂടെ ജീവനക്കാരെ ശരിച്ചും ഞെട്ടിച്ചു. വാർഷികാഘോഷ പരിപാടിയിൽ ബോണസ് പ്രഖ്യാപനമുണ്ടാകുമെന്ന് ചിലർക്ക് അറിയാമായിരുന്നെങ്കിലും ബോണസ് തുകയും വലിപ്പം കേട്ടതോടെ അവരിൽ പലരുടെയും ബോധം പോയി. 70 കോടിരൂപയാണ് ബോണസായി ജീവനക്കാർക്ക് നൽകിയത്.
ആകെ 198 ജീവനക്കാരുള്ള കമ്പനിയിൽ ശരാശരി 50,000 ഡോളര്‍ വീതമാണ് ഓരോ ജീവനക്കാരനും ലഭിച്ചതെന്നാണ് റിപ്പോർട്ട്. അടുത്തിടെ ജോലിയിൽ കയറിയവർക്കുപോലും ബോണസ് ലഭിച്ചു. പക്ഷേ, ഇവർക്ക് തുക കുറവായിരുന്നു.
വാർഷികാഘോഷ പരിപാടിക്കിടെ ജീവനക്കാർക്കെല്ലാം കമ്പനി അധികൃതർ ഒാരോ ചുവന്ന കവർ നൽകി. ഇതുപൊട്ടിച്ചുനോക്കിയപ്പോഴാണ് ജീവനക്കാർ ശരിക്കും ഞെട്ടിയത്. അവരുടെ ബോണസ് തുകയുടെ വിവരങ്ങളും രേഖപ്പെടുത്തിയ പേപ്പറായിരുന്നു കവറിനുള്ളിലുണ്ടായിരുന്നത്. വൻ ലാഭം കിട്ടിയപ്പോൾ ജീവനക്കാർക്ക് എന്തെങ്കിലും സമ്മാനം നൽകണമെന്ന് തോന്നി. അവരുടെയും കൂടി പ്രയത്നമാണല്ലോ കമ്പനിയുടെ വിജയവും. അതാണ് ഇത്രയും വലിയ തുക നൽകാൻ തീരുമാനിച്ചത്-കമ്പനിയിലെ പ്രമുഖരിൽ ഒരാൾ പറയുന്നു.
ബോണസ് തുക വായിച്ചപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞില്ലെന്നായിരുന്നു ജീവനക്കാരിലൊരാളുടെ പ്രതികരണം.
അപ്രതീക്ഷിത ബോണസിന്റെ സന്തോഷം പലരും പരസ്പരം ആലിംഗനം ചെയ്തും ചുംബനം നൽകിയുമാണ് ആഘോഷിച്ചത്.