വർക്കല: തീരദേശ ഗ്രാമമായ ചിലക്കൂരിന്റെ വികസനം വിദൂരസ്വപ്നമായി അവശേഷിക്കുന്നു. മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പർക്കുന്ന ഇവിടേക്ക് യാത്രാസൗകര്യം പോലും അന്യമാണ്.
ജലഗതാഗതം സജീവമായിരുന്ന കാലത്താണ് ചിലക്കൂർ പട്ടണമായി ശോഭിച്ചിരുന്നത്. പശ്ചിമതീരത്തെ പ്രധാന ചരക്ക് കേന്ദ്രമായിരുന്നു ഇവിടം. പൊലീസ് സ്റ്റേഷൻ, ജയിൽ, തപാലാഫീസ്, വലുതം ചെറുതുമായ കച്ചവടകേന്ദ്രൾ എന്നിവ ഇവിടെ ഉണ്ടായിരുന്നു.
കയർ, തൊണ്ട്, വെട്ടുകല്ല്, തുണി, കുരുമുളക്, കാർഷികോല്പന്നങ്ങൾ എന്നിവ കയറ്റി അയക്കുന്നതും കടവിലെത്തുന്ന മറ്റു വസ്തുക്കൾ കാളവണ്ടികളിൽ ഉൾനാടൻ ഗ്രാമങ്ങളിൽ എത്തിക്കുന്നതും ചിലക്കൂരിൽ നിന്നായിരുന്നു. കടലിനഭിമുഖമായ ടി.എസ് കനാൽ ഗതാഗതത്തിന്റെ ഒരു പ്രധാന കണ്ണിയായിരുന്നു. വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് ആറാട്ടെഴുന്നള്ളത്ത് ചിലക്കൂർ കടപ്പുറത്താണ് എത്തുന്നത്. റോഡ് ഗതാഗതം പുരോഗമിച്ചതോടെ ചിലക്കൂരിന്റെ നല്ലകാലം അസ്തമിക്കാൻ തുടങ്ങി. ചിലക്കൂരിലെ ജനവാസവും ആൾതിരക്കും കുറഞ്ഞു. വർക്കല മൈതാനമാണ് പിന്നീട് പട്ടണമായി വികസിച്ചത്. പൊലീസ് സ്റ്റേഷനും തപാലാഫീസും നിന്ന സ്ഥലം തിരിച്ചറിയാനാവാത്ത വിധം അന്യാധീനപ്പെട്ടു. യാത്രക്കാർക്ക് കൈതപ്പൂവിന്റെ മണം സമ്മാനിച്ചിരുന്ന ടി.എസ് കനാൽ ഇന്ന് ഒഴുക്ക് നിലച്ച് മലിനജലം കെട്ടിനിന്ന് ദുർഗന്ധം വമിക്കുന്നു.
ചിലക്കൂരിലുള്ളവർക്ക് വർക്കലയിലെത്തണമെങ്കിൽ കാൽനട മാത്രമാണ് ഏക ആശ്രയം. വർക്കല തുരപ്പിന്റെ മാതൃകയിൽ വെട്ടുകല്ലു കൊണ്ട് നിർമ്മിച്ച രണ്ട് തൊട്ടിപ്പാലങ്ങൾ ടി.എസ് കനാലിന് കുറുകെയുണ്ട്. വർക്കല നഗരത്തിലെ മൊത്തം മാലിന്യങ്ങൾ ഒഴുകിയെത്തുന്നത് ഈ തൊട്ടിപ്പാലത്തിലാണ്. അഴുക്കും ചെടിപ്പടർപ്പും മാലിന്യവുമെല്ലാം ചിലക്കൂരിന്റെ മുഖം വികൃതമാക്കുന്നു. പോയകാലത്തിന്റെ സ്മാരകമായി ഉണ്ടായിരുന്ന ഒരു വിളക്കുകാലും അപ്രത്യക്ഷമായി. ഇപ്പോഴും മത്സ്യബന്ധനം മാത്രമാണ് മുടങ്ങാതെ ഇവിടെ നടക്കുന്നത്.