തിരുവനന്തപുരം: ശമ്പളം കിട്ടാത്തതിനെതിരെ കെ.എസ്.ആർ.ടി.സി ജീവനക്കാർ തല മൊട്ടയടിച്ച് പ്രതിഷേധിച്ചു. ഭരണ – പ്രതിപക്ഷ സംഘടനകൾ സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിത കാല സമരം തുടരുമ്പോഴാണ് ഇതിലൊന്നും ഉൾപ്പെടാത്തവർ ചീഫ് ഓഫിസിനു മുന്നിലിരുന്ന് തല മൊട്ടയടിച്ചു പ്രതിഷേധിച്ചത്. കെ.എസ്.ആർ.ടി.സി വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
ടോമിൻ തങ്കച്ചരിയെ എം.ഡി സ്ഥാനത്തുനിന്നു മാറ്റാൻ ഒറ്റക്കെട്ടായി സമരം ചെയ്ത തൊഴിലാളി യൂണിയനുകൾ ശമ്പളകാര്യത്തിൽ പല പന്തൽ കെട്ടി സമരം ചെയ്യുന്നത് ഇരട്ടത്താപ്പാണെന്നു സമരക്കാർ ആരോപിച്ചു. അസോസിയേഷൻ ജനറൽ സെക്രട്ടറി വി.വി. ഹരിദാസ് പ്രതിഷേധത്തിന് നേതൃത്വം നൽകി.
സെക്രട്ടേറിയറ്റിനു മുന്നിൽ കെ.എസ്.ആർ.ടി.ഇ.എ(സി.ഐ.ടി.യു) നടത്തുന്ന സമരം ഇന്നു പന്ത്രണ്ടാം ദിവസത്തിലേക്ക് കടക്കും. ഇന്നലെ സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം സി.എസ്. സുജാത ഉദ്ഘാടനം ചെയ്തു. സി.കെ. ഹരികൃഷ്ണൻ, പി. ഗോപാലകൃഷ്ണൻ, ഇ. സുരേഷ്, കെ.പി.പി. മുരളി തുടങ്ങിയവർ പ്രസംഗിച്ചു.
ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ (ടി.ഡി.എഫ്) സമരം ഇന്ന് എട്ടാം ദിവസത്തിലേക്ക് കടക്കും. ഇന്നലെ വി.എസ്. ശിവകുമാർ എം.എൽ.എ, ബാബു ദിവാകരൻ, മാഹീൻ അബൂബക്കർ, കോട്ടാത്തല മോഹനൻ, എം.എം.ഹസൻ, തമ്പാനൂർ രവി തുടങ്ങിയവർ പ്രസംഗിച്ചു. കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ (എ.ഐ.ടി.യു.സി) സമരത്തിൽ ഇന്നലെ മാങ്കോട് രാധാകൃഷ്ണൻ, കെ.പി. ഗോപകുമാർ, എം.ജി. രാഹുൽ, കെ. മനോജ്, എം. അരുൺ തുടങ്ങിയവർ പ്രസംഗിച്ചു. ഇന്ന് നാലാം ദിവസത്തിലേക്ക് കടക്കും.