നെയ്യാറ്റിൻകര: കേരളകൗമുദി വള്ളംകോട് ഏജന്റ് കല്ലിയൂർ സ്വദേശി എ. ഓമനക്കുട്ടനെ (48) സൈക്കിളിൽ പത്രം വിതരണം ചെയ്യുന്നതിനിടെ ബൈക്കിലെത്തിയ രണ്ടംഗ സംഘം ഇടിച്ചിട്ട ശേഷം കടന്നുകളഞ്ഞു. കാലിനും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ശാന്തിവിള സർക്കാർ ആശുപത്രിയിൽ നിന്ന് തിരുവനന്തപുരം ജില്ലാ ജനറൽ ആശുപത്രിയിലേക്കും അവിടെ നിന്ന് മെഡിക്കൽകോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇക്കഴിഞ്ഞ 8ന് രാവിലെ 9.30നാണ് രണ്ടംഗ സംഘം കാക്കാമൂലയ്ക്കും വണ്ടിത്തടത്തിനും ഇടയിൽ വച്ച് ഇടിച്ചിട്ടത്. ഓടിക്കൂടിയ നാട്ടുകാരാണ് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. അടുത്തിടെ ഉണ്ടായ ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു ഇദ്ദേഹം. നേമം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപത്തെ സി.സി ടിവി കാമറ പരിശോധിച്ച് പ്രതികളെ കസ്റ്റഡിയിലെടുക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു.