koottayma

മുടപുരം: പഞ്ചായത്തിനെയോ തൊഴിലുറപ്പ് തൊഴിലാളികളെയോ കാത്തുനിൽക്കാതെ വാട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ മുട്ടപ്പലത്തെ അംഗൻവാടിയിലേക്കുള്ള കാടുപിടിച്ച വഴി വൃത്തിയാക്കി. അഴൂർ ഗ്രാമപഞ്ചായത്തിലെ മുട്ടപ്പലം മാർക്കറ്റിനു സമീപം സ്ഥിതി ചെയ്യുന്ന അംഗൻവാടിക്ക് മുന്നിലൂടെയുള്ള റോഡിനു ഒരു വശം മുഴുവൻ ഒരാൾ പൊക്കത്തിൽ പാഴ്ചെടികൾ വളർന്ന നിലയിലായിരുന്നു. ഇത് അംഗൻവാടിയിലേക്ക് വരുന്ന കുരുന്നുകൾക്കും മാർക്കറ്റിൽ വരുന്ന സ്ത്രീകൾക്കും ഒരുപോലെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് 'മുട്ടപ്പലം കൂട്ടുകാർ വാട്സ്ആപ്പ് കൂട്ടായ്മ' എന്ന കൂട്ടായ്മയിലെ ചെറുപ്പക്കാർ വഴി വൃത്തിയാക്കിയത്. മുടപുരം ഗവ. യു.പി.സ്കൂളിൽ ഹരിത സേന പ്രൊജക്ട് തുടങ്ങിയതും അതിനുള്ള സാമ്പത്തിക സഹായം നൽകിയതും ഇതേ കൂട്ടായ്മയാണ്.