biswanath-sinha

തിരുവനന്തപുരം: പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് അപ്രധാന തസ്തികകളിലേക്ക് കഴിഞ്ഞ ദിവസം മന്ത്രിസഭായോഗം മാറ്റിയ മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ ബിശ്വനാഥ് സിൻഹയ്ക്കെതിരെ ലൈംഗികാരോപണ വിവാദവും കൊഴുക്കുന്നു.

മുഖ്യ ഭരണാനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ കണ്ണിലെ കരടായ സിൻഹയുടെ സ്ഥാനചലനത്തിന് പിന്നിൽ അതിനപ്പുറമുള്ള ചില പരാതികളാണെന്നാണ് സെക്രട്ടേറിയറ്റിലെ സംസാരവിഷയം. വനിതകളായ ജൂനിയർ ഐ.എ.എസ് ഉദ്യോഗസ്ഥകളോട് മോശമായി പെരുമാറുകയും രാത്രി കാലങ്ങളിൽ അശ്ലീല സന്ദേശമയയ്ക്കുുകയും ഫോൺ വിളിക്കുകയും ചെയ്തതിനാണ് സിൻഹയെ മാറ്റിയത് എന്നാരോപിച്ച് കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല രംഗത്തെത്തി. സിൻഹയ്ക്കെതിരായ പരാതി സർക്കാർ മുക്കിയെന്നും സ്ഥലംമാറ്റം കൊണ്ട് പ്രശ്നം അവസാനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടേറിയറ്റിൽ പഞ്ചിംഗ് അടക്കമുള്ള പരിഷ്കരണനടപടികൾക്ക് നേതൃത്വം നൽകുകയും ജോലിസമയത്തെ അച്ചടക്കത്തിന് വഴിതുറക്കുകയും ചെയ്ത സിൻഹ അതുവഴി മുഖ്യമന്ത്രിയുടെ വിശ്വസ്തനായിരുന്നു.

സിൻഹ തനിക്ക് നിരന്തരം എസ്.എം.എസും വാട്സാപ്പ് സന്ദേശങ്ങളും അയക്കുന്നതായി യുവ വനിതാ ഐ.എ.എസ് ഉദ്യോഗസ്ഥ പരാതിപ്പെട്ടിട്ടുണ്ടെന്ന്, സ്ക്രീൻഷോട്ടുകൾ പുറത്തുവിട്ടുകൊണ്ട് ജ്യോതികുമാർ ആരോപിച്ചു. ഒരു ജൂനിയർ ഐ.എ.എസ് ഉദ്യോഗസ്ഥയുടെ രക്ഷിതാക്കൾ മുഖ്യമന്ത്രിയെ നേരിൽക്കണ്ട് പരാതി പറഞ്ഞു. പിന്നീട് പരിശീലനത്തിലുള്ള രണ്ട് യുവ വനിതാ ഉദ്യോഗസ്ഥകളോടും സിൻഹ സമാനരീതിയിൽ പെരുമാറി. ഇവർ മുസൂറിയിലെ ഐ.എ.എസ് അക്കാഡമിയിൽ പരാതി നൽകി. അത് മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറി. പ്രശ്നമൊതുക്കാൻ ബിശ്വനാഥ് സിൻഹ നേരിട്ട് നടത്തിയ ശ്രമം ഫലം കണ്ടില്ല. സിൻഹയെ പൊതുഭരണ വകുപ്പിൽ നിന്ന് എന്തിന് മാറ്റിയെന്ന് സർക്കാർ വ്യക്തമാക്കിയിട്ടില്ല. ഉന്നത ഐ.എ.എസ് ഉദ്യോഗസ്ഥനെതിരെ പരാതി കിട്ടിയിട്ട് ചീഫ്സെക്രട്ടറിയോട് പോലും അന്വേഷിക്കാൻ ആവശ്യപ്പെടാത്തത് ഗുരുതരവീഴ്ചയാണെന്നും ജ്യോതികുമാർ പറഞ്ഞു.

അടിസ്ഥാനരഹിതം: ബിശ്വനാഥ് സിൻഹ

അതേസമയം, തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും താൻ ആരോടും മോശമായി പെരുമാറിയിട്ടില്ലെന്നും ബിശ്വനാഥ് സിൻഹ പ്രതികരിച്ചു. പൊതുഭരണ വകുപ്പിൽ നിന്ന് തന്നെ മാറ്റിയതിന്റെ കാരണം മാറ്റിയവരോട് ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു.