ബാലരാമപുരം: ഐത്തിയൂരിൽ ഒരേസ്ഥലത്ത് രണ്ട് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നത് സംബന്ധിച്ച് എം.എൽ.എയും വാർഡ് മെമ്പറും തമ്മിൽ തർക്കം. എം. വിൻസെന്റ് എം.എൽ.എയുടെ ആസ്തിവികസനഫണ്ടിൽ നിന്നു ഐത്തിയൂർ ജംഗ്ഷനിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാൻ 2018 ൽ ഫണ്ട് അനുവദിച്ചിരുന്നു. എന്നാൽ, ഇതേസ്ഥലത്ത് മറ്റൊരു ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാൻ പഞ്ചായത്ത് അനുമതി നൽകിയതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. ഐത്തിയൂരിൽ ഉൾപ്പെടെ പഞ്ചായത്തിലെ ആറ് സ്ഥലങ്ങളിൽ ഹൈമാസ്റ്റ് ലൈറ്റിന് എം.എൽ.എ ഫണ്ട് അനുവദിച്ചിരുന്നു. 2018 മേയ് 17 ന് ചേർന്ന ബാലരാമപുരം പഞ്ചായത്ത് കമ്മിറ്റി ഈ തീരുമാനം അംഗീകരിക്കുകയും ചെയ്തു. എം.എൽ.എ നൽകിയ ശുപാർശ കത്തിന്റെ അടിസ്ഥാനത്തിൽ ഈ വർഷം ജനുവരി 17 ന് കളക്ടർ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കൻ അനുമതിയും നൽകി. അതിൻ പ്രകാരം ബേസ്മെന്റും പണിതു. ധനകാര്യ വകുപ്പിന്റെ അനുമതി ലഭിക്കാൻ താമസമുണ്ടായതിനാൽ പണി തുടങ്ങാനായില്ല. ഐത്തിയൂരിൽ മിനി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാൻ നടപടി വേണമെന്ന് ആവശ്യപ്പെട്ട് വാർഡ് മെമ്പർ വി.എസ്. വിനോദ് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ 2 ലക്ഷം രൂപ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാൻ അനുവദിച്ചു. എം.എൽ.എയുടെ ലൈറ്റ് സ്ഥാപിക്കാൻ ഉദ്ദേശിച്ച അതേ സ്ഥലത്തിന് സമീപത്തായി മെമ്പറും ലൈറ്റ് സ്ഥാപിക്കാനെത്തിയതോടെ തർക്കമായി. കഴിഞ്ഞ ദിവസം എം.എൽ.എ ഫണ്ടിൽ നിന്നുള്ള ലൈറ്റ് സ്ഥാപിക്കാനെത്തിയവരെ സി.പി.എം പ്രവർത്തകർ തടഞ്ഞു. തുടർന്ന് സി.ഐ ജി. ബിനുവിന്റെ നേത്യത്വത്തിലുള്ള പൊലീസ് സംഘമെത്തി പണി നിറുത്തി വയ്പിച്ചശേഷം ഇരുകൂട്ടരേയും അനുനയിപ്പിച്ചു മടങ്ങി. തങ്ങൾക്ക് ഹൈമസ്റ്റ് ലൈറ്റ് സ്ഥാപിക്കാൻ നിർദ്ദേശിച്ച സ്ഥലത്തു തന്നെ പഞ്ചായത്ത് ലൈറ്റ് സ്ഥാപിക്കാൻ സ്ഥലം നൽകിയതിനെതിരെ കളക്ടർക്ക് എം. വിൻസെന്റ് എം.എൽ.എ പരാതി നൽകിയിരിക്കുകയാണ്.