സമാനതകളില്ലാത്ത മനുഷ്യമനസുകളുടെ ഒത്തുചേരലാണ് ശിവഗിരി തീർത്ഥാടനം. നന്മ നിറഞ്ഞ വ്യക്തിത്വവും ത്യാഗസമ്പന്നതയുമാണ് ഏറ്റവും വലിയ സമ്പത്ത് എന്ന് ഗുരുദേവൻ പറഞ്ഞിട്ടുണ്ട്.
ഡിസംബർ 30,31 , ജനുവരി ഒന്ന് ദിവസങ്ങളിൽ മാത്രമാണ് മഞ്ഞവസ്ത്രം ധരിച്ച് ശിവഗിരിയിൽ എത്തണമെന്ന് ഗുരുദേവൻ പറഞ്ഞിട്ടുള്ളത്. നിലവിൽ ഉള്ളവസ്ത്രം മഞ്ഞനിറം മുക്കി ഈ മൂന്നുദിവസങ്ങളിൽ ഉപയോഗിച്ചിട്ട്, ശേഷം മഞ്ഞനിറം മാറ്റി വീണ്ടും ഉപയോഗിക്കാമല്ലോ എന്ന് തൃപ്പാദങ്ങൾ മൊഴിഞ്ഞിട്ടുണ്ട്. ചെലവ് ചുരുക്കുന്നതിനു വേണ്ടിയാണ് ഗുരുദേവൻ ഇങ്ങനെ അരുളിചെയ്തത്. എന്നാൽ ഇപ്പോൾ ഗുരുദേവനെ ചുറ്റിപ്പറ്റിയുള്ള എന്തുകാര്യം വന്നാലും മഞ്ഞവസ്ത്രം ഉപയോഗിക്കണമെന്ന് ചിലർ നിർബന്ധം പിടിക്കുന്നു. രണ്ടോ, മൂന്നോ ദിവസം സദ്യ കഴിച്ചാൽ നമുക്ക് പുതുമ തോന്നും. എന്നും ആയാലോ?
ഗുരുദേവൻ ഒരിക്കലും മഞ്ഞവസ്ത്രം ധരിച്ചിട്ടേ ഇല്ല. എന്നാൽ ഗുരുദേവഭക്തർ എന്ന് സ്വയം അവകാശപ്പെടുന്ന ചിലർ ഇന്നും മഞ്ഞവസ്ത്രം ധരിച്ചുകൊണ്ടുള്ള ഗുരുദേവന്റെ ഫോട്ടോകൾ വച്ച് പൂജിക്കുന്നു. ഇത് തെറ്റാണെന്ന് അറിവുള്ളവർ രഹസ്യമായും പരസ്യമായും പറഞ്ഞിട്ടുപോലും ഇവർ കൂട്ടാക്കുന്നില്ല. അവർ പറയുന്നത് അനുസരിച്ചാൽ ചെറുതായിപ്പോയാലോ എന്ന ചിന്ത അവരെ മഥിച്ചുകൊണ്ടിരിക്കുന്നു. ഗുരുദേവൻ വെള്ള വസ്ത്രവും കാവി വസ്ത്രവും മാത്രമേ ധരിച്ചിട്ടുള്ളു എന്ന് കൊച്ചുകുട്ടികൾക്കുപോലും അറിയാവുന്നതാണ്. പുറമേ ഗുരുഭക്തിയും ഗുരുനിന്ദകളും കാണിക്കുന്നവർ തന്നെയാണ് സമുദായപാരകൾ.
ഗുരുവിന്റെ മാർഗവും ശ്രീബുദ്ധന്റെ മാർഗവും ഒരുപോലെയാണ്. സമൂഹത്തിന്റെ മൊത്തത്തിലുള്ള ശാക്തീകരണമുണ്ടായാലേ സ്ത്രീയും ശക്തയാകൂ. മണ്ണും പെണ്ണും ഉപഭോഗ വസ്തുവായി കാണുന്നവർക്കു നേരെ ഒരു പോരാട്ടം അനിവാര്യമാണ്. ജാതിമതഭേദചിന്ത കൂടാതെ മനുഷ്യനെ മനുഷ്യനായി കാണാൻ കഴിയാത്ത അധമചിന്ത അവസാനിച്ചേ മതിയാകൂ.
നല്ല പെരുമാറ്റവും അറിവും, വിവരവും ക്ഷമയും സത്യസന്ധതയും ഉണ്ടെങ്കിൽ മാത്രമേ സജ്ജനങ്ങൾ മാനിക്കൂ. ഗുരുകൃപയുണ്ടാകൂ. ഒരാളുടെ മനസിനെ നാം വേദനിപ്പിക്കുമ്പോൾ അതുപോലൊരു മനസ് തനിക്കും ഉണ്ടെന്ന് ഓർക്കുക. പ്രതികാരം ചെയ്യുന്നവൻ ശത്രുവിനോട് സമം നിൽക്കുന്നവനാണ്. എന്നാൽ അത് വേണ്ടെന്നു വയ്ക്കുന്നവൻ ശത്രുവിനെക്കാൾ മികച്ചവനാണ്. ചോരയ്ക്ക് പകരം ചോദിക്കേണ്ടത് ചോര നീരാക്കി അദ്ധ്വാനിച്ചുകൊണ്ടാവണം എന്ന് ഗുരുസന്ദേശത്തിൽ പറഞ്ഞിട്ടുണ്ട്. അറിവ് അതാണ് എല്ലാം.
എം.എൽ. ഉഷാരാജ്
തിരുവനന്തപുരം