ganitholsavam

പാറശാല: സാമൂഹ്യഗണിതത്തിന് ഊന്നൽ നൽകിയുള്ള ഗണിതോത്സവത്തിന് വിദ്യാലയങ്ങൾ ഒരുങ്ങുന്നു. ക്രിസ്തുമസ് അവധിക്കാലത്ത് ഓരോ പഞ്ചായത്തിലെയും തിരഞ്ഞെടുക്കപ്പെട്ട ഒരു കേന്ദ്രത്തിലാണ് ഗണിതോത്സവം. ഇതിന്റെ ഭാഗമായി റിസോഴ്സ് അദ്ധ്യാപകർക്കുള്ള ഗണിതാദ്ധ്യാപക ശില്പശാലകൾ നടന്ന് വരികയാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സമഗ്ര ശിക്ഷ കേരളവും കേരളാ ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേറ്റീവ് സ്ട്രാറ്റജിക് കൗൺസിലും (കെഡിസ്ക്) ചേർന്നാണ് ഗണിതോത്സവം സംഘടിപ്പിക്കുന്നത്. യംഗ് മോട്ടിവേഷൻ പ്രോഗ്രാമിന്റെ ഭാഗമായി ആറ് മുതൽ എട്ട് വരെ ക്ലാസുകളിലെ വിദ്യാർത്ഥികളാണ് ത്രിദിന ഗണിതോത്സവത്തിൽ പങ്കാളികളാവുക. പഞ്ചായത്തിലെ യു.പി, ഹൈസ്കൂൾ ഗണിതാദ്ധ്യാപകർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. കൽപ്പണിക്കാർ, തടിപ്പണിക്കാർ, തയ്യൽ ജോലി ചെയ്യുന്നവർ, വസ്തു അളക്കുന്നവർ, വീട് സെറ്റ് ഔട്ട് ചെയ്യുന്നവർ എന്നിവരുടെ പ്രായോഗിക ജീവിതാനുഭവങ്ങളും ക്യാമ്പിൽ പങ്കുവെയ്ക്കുന്നതാണ്. തികച്ചും ജനകീയമായി സംഘടിപ്പിക്കുന്ന ഗണിതോത്സവത്തിലൂടെ പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഗണിതപഠനത്തിൽ കൂടുതൽ ആത്മവിശ്വാസം ഗണിതോത്സവത്തിലൂടെ കൈവരുമെന്നതാണ് പ്രതീക്ഷ.