ഇന്ത്യൻ ഭരണഘടനയിൽ 15(4), 16(4) എന്നീ വകുപ്പുകളിൽ സംവരണം എന്ന പരിരക്ഷ ഉറപ്പുവരുത്തിയിരിക്കുന്നത് മതവിശ്വാസത്തിന്റെ അടിസ്ഥാനത്തിലോ മതസ്ഥാപനങ്ങൾക്കോ അല്ല.
സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥ അടിസ്ഥാനമാക്കിയാണ് അത്തരത്തിൽ കേന്ദ്ര സർവീസിലും തമിഴ്നാട്ടിലും നാടാർ സമുദായത്തിലെ ഹിന്ദു / ക്രിസ്ത്യൻ വിഭാഗങ്ങളെ ഒറ്റപ്പട്ടികയിൽ ഉൾപ്പെടുത്തിയാണ് സംവരണം ഉറപ്പാക്കിയിരിക്കുന്നത്. എന്നാൽ കേരളത്തിൽ നാടാർ ക്രൈസ്തവർക്ക് ലഭിക്കേണ്ടുന്ന സംവരണം എസ്.ഐ.യു.സി. എന്ന മതസംഘടനയുടെ പേരിൽ കൈവശം വച്ചിരിക്കുന്നത് എങ്ങനെയാണെന്ന് മനസിലാകുന്നില്ല.
എസ്.ഐ.യു.സി. എന്നാൽ സൗത്ത് ഇന്ത്യ യുണൈറ്റഡ് ചർച്ച് .1907 ജൂലായ് 25 ന് ഒരുകൂട്ടം സഭകൾ ചേർന്ന് രൂപീകരിച്ചു. 1947 സെപ്തംബർ 26- ന് എസ്.ഐ.യു.സി. പിരിച്ചുവിട്ടു ചില സഭകൾ കൂടി ചേർന്ന് സി.എസ്.ഐ രൂപംകൊണ്ടു. ഇതോടെ എസ്.ഐ.യു.സി. നിലവിലില്ലാതായി. 1978ൽ തുടങ്ങിയ നാടാർസമുദായത്തിന് ഹിന്ദു/ക്രിസ്ത്യൻ വിഭാഗങ്ങളെ ഒന്നായി കണക്കാക്കി സംവരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സമരം 1982 ൽ ഒത്തുതീർപ്പിലെത്തി. സർക്കാർ ഉത്തരവ് ഇറങ്ങിയപ്പോൾ നാടാർ ക്രിസ്ത്യൻ എന്നിടത്ത് എല്ലാ നാടാർ ക്രിസ്ത്യാനികളും സൗത്ത് ഇന്ത്യ യുണൈറ്റഡ് ചർച്ചിൽ എസ്.ഐ.യു.സിയിൽ ഉൾപ്പെട്ടവരാണെന്ന തെറ്റിദ്ധാരണയുണ്ടായി. നാടാർ ക്രിസ്ത്യൻ എന്നിടത്ത് എസ്.ഐ.യു.സി നാടാർ എന്ന ഉത്തരവിലൂടെ ഒരു മതസ്ഥാപനമായ സഭ എല്ലാ നാടാർ ക്രിസ്ത്യാനികൾക്കും ലഭിക്കേണ്ടുന്ന സംവരണം തട്ടിയെടുത്തുവെന്ന് പറയാതിരിക്കാനാവില്ല. തൊട്ടടുത്ത് തമിഴ്നാട്ടിൽ മതസ്ഥാപനത്തിന് അല്ല സംവരണം സമുദായത്തിനാണ്.
ഒരു മതസ്ഥാപനത്തിന് വ്യക്തിയെ എപ്പോൾ വേണമെങ്കിലും അംഗമാക്കുകയോ പുറത്താക്കുകയോ ചെയ്യാം. സമുദായത്തിന് ലഭിക്കുന്ന സംവരണം ഉൾപ്പെടെ ഏതൊരു അവകാശമായിരുന്നാലും ആ സമുദായത്തിൽ പിറന്ന വ്യക്തിക്ക് ഒരു സംഘടന വിചാരിച്ചാലും ഭരണഘടന അനുവദിച്ചിട്ടുള്ള അവകാശം നിഷേധിക്കാനാവില്ല. സാമൂഹിക സന്തുലിതാവസ്ഥയെ തകിടം മറിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ സർക്കാർ അടിയന്തിരമായി ഇടപെടണം.
ചൊവ്വര സുനിൽകുമാർ
ജനറൽ സെക്രട്ടറി
നാടാർ സർവീസ് ഫോറം