നെടുമങ്ങാട് : താലൂക്കിൽ നെൽക്കൃഷി വിപുലീകരണ പദ്ധതി വിത്തെറിയും മുമ്പേ കൊഴിഞ്ഞ അവസ്ഥയായി. ഫണ്ടിന്റെ അപര്യാപ്തതയും ഉദ്യോഗസ്ഥരുടെ മെല്ലപ്പോക്കും കർഷകരുടെ അലംഭാവവുമാണ് പദ്ധതിക്ക് തിരിച്ചടിയായത്. നെടുമങ്ങാട്,വാമനപുരം,വെള്ളനാട് ബ്ലോക്കുകളിൽ അധികമായി മുപ്പത് ഹെക്ടർ പ്രദേശത്ത് നെൽക്കൃഷി ആരംഭിക്കാനായിരുന്നു ലക്ഷ്യം. ഹരിതകേരള മിഷൻ ഉദ്യോഗസ്ഥർ കൃഷിഭവനുകളുമായും തദ്ദേശസ്ഥാപനങ്ങളുമായും ചർച്ചകൾ നടത്തുകയും ഏലാപ്രദേശങ്ങൾ സന്ദർശിക്കുകയും ചെയ്തത് ഒഴിച്ചാൽ മറ്റൊരു പ്രവർത്തനവും നടന്നിട്ടില്ല.
ഒരുകാലത്ത് നെൽക്കൃഷി സമൃദ്ധമായിരുന്ന ആനകുളം,പനവൂർ,ആനാട് ഏലാകൾ വാഴയും അനുബന്ധ വിളകളും കൈയടക്കി. വെമ്പായം,നെടുമങ്ങാട് നഗരസഭ മേഖലകളിൽ അവശേഷിച്ചിരുന്ന പത്ത് ഹെക്ടറോളം വയൽ അടുത്തിടെ മണ്ണിട്ട് നികത്തി. നഗരസഭയിലെ പ്രധാന ഏലായായിരുന്ന പതിനൊന്നാംകല്ല് വയൽ ഈയിടെയാണ് പൂർണമായും നികത്തിയത്.ആനാട് പെരിങ്ങാവൂരും നന്ദിയോട് ചെല്ലഞ്ചിയും പെരിങ്ങമ്മല നോർത്തും വെമ്പായം ഏലായുമാണ് ഇനി ബാക്കിയുള്ളത്. വെമ്പായത്ത് കഴിഞ്ഞ വർഷം നൂറുമേനി വിളയിച്ച ആറ് ഹെക്ടർ വയലാണ് ഇപ്പോൾ തരിശ് കിടക്കുന്നത് ! സമീപ പ്രദേശങ്ങളിൽ കരാർ കർഷകർ ഇതര കൃഷികൾ ചെയ്യുന്നതിനാൽ നെൽക്കൃഷി വിപുലീകരണ ദൗത്യം ഉപേക്ഷിക്കാനാണ് പഞ്ചായത്ത് ഭരണസമിതികൾ ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.
ഒരു പഞ്ചായത്തിൽ കുറഞ്ഞത് അഞ്ച് ഹെക്ടറെങ്കിലും നെൽക്കൃഷി ഉണ്ടെങ്കിലേ പാടശേഖരസമിതി രൂപീകരിച്ച് രജിസ്‌ട്രേഷനും സർക്കാർ ആനുകൂല്യങ്ങളും വിതരണം ചെയ്യാനാകൂ. പാട്ടക്കൃഷി ചെയ്യുന്നവരാണ് കൂടുതലും. കാർഷിക യന്ത്രങ്ങൾ പാടശേഖര സമിതികൾക്ക് ലഭ്യമാക്കണമെന്നാണ് കർഷകരുടെ ആവശ്യം. എന്നാൽ വർഷത്തിൽ ഒരു കൃഷി മാത്രം ചെയ്യുന്ന പ്രദേശങ്ങളിൽ ലക്ഷങ്ങൾ മുടക്കി യന്ത്രങ്ങൾ വാങ്ങുന്നത് നഷ്ടക്കച്ചവടമാണെന്നാണ് കൃഷി ഉദ്യോഗസ്ഥരുടെ നിലപാട്. നിലവിൽ ട്രാക്ടറും അനുബന്ധ ഉപകരണങ്ങളും അന്യാധീനപ്പെട്ട് തുരുമ്പെടുത്ത് നശിക്കുന്ന അവസ്ഥയാണ്. വയലുകളിൽ വെള്ളമെത്തിക്കാൻ സ്ഥാപിച്ച മോട്ടോറുകളുടെ സ്ഥിതിയും വിഭിന്നമല്ല. നിലവിലുള്ള സമിതികൾ പലതും കടലാസ് സംഘടനകൾ മാത്രമാണെന്ന പരാതിയുണ്ട്.
ഒരുവർഷം കൊണ്ട് ഘട്ടങ്ങളായി നെൽക്കൃഷി 200 ഹെക്ടറായി ഉയർത്തുക എന്ന ദൗത്യമാണ് പാളിപ്പോയത്. കൃഷിവകുപ്പ് നിലമൊരുക്കലിന് 17,000 രൂപയും സൗജന്യമായി 70 കി.ഗ്രാം വിത്തും ജൈവവളവും അനുവദിച്ചിട്ടുണ്ട്. പക്ഷെ കുറഞ്ഞത് ഒരു ഹെക്ടർ ഏലായിലെങ്കിലും കൃഷി വേണമെന്ന് മാനദണ്ഡമുണ്ട്. എന്നാൽ കൃഷി അവശേഷിക്കുന്ന സ്ഥലങ്ങളിൽ പത്തും ഇരുപതും അമ്പതും സെന്റിൽ ഒതുങ്ങുന്ന അവസ്ഥയാണുള്ളത്.