ആറ്റിങ്ങൽ: റോഡ് നിർമ്മാണത്തിന് ഏറ്റെടുത്ത പുരയിടത്തിന്റെ മതിൽ പൊളിച്ചപ്പോൾ സെപ്റ്റിക് ടാങ്ക് റോഡിലായി. ഇത് പൊളിച്ചു മാറ്റാനാവില്ലെന്ന് വീട്ടുകാർ പറഞ്ഞതോടെ നാട്ടുകാർ ഇടപെട്ടു. പൊളിച്ചുമാറ്റിയ ശേഷം റോഡ് പണിയുടെ ബാക്കി ചെയ്താൽ മതിയെന്നാണ് നാട്ടുകാരുടെ വാദം. എന്തു ചെയ്യണമെന്നറിയാതെ നിൽക്കുകയാണ് കോൺട്രാക്ടർ.
നഗരൂർ പഞ്ചായത്തിൽപ്പെട്ട കടവിളയ്ക്കു സമീപത്തെ പാറമുക്കിലാണ് റോഡ് വികസനത്തിനിടെ സെപ്റ്റിക് ടാങ്ക് കണ്ടത്. 20 വർഷം മുൻപ് നിർമ്മിച്ച വീട്ടിന്റെ സെപ്റ്റിക് ടാങ്ക് മതിലിനോട് ചേർന്ന് റോഡരികിലാണ് നിർമ്മിച്ചിരുന്നത്. റോഡ് വികസനത്തിന് വീട്ടുകാർ ഭൂമി വിട്ടുകൊടുത്തപ്പോഴാണ് ഇത് റോഡിലായത്.സെപ്റ്റിക് ടാങ്ക് നിലനിർത്തി റോഡ് നിർമ്മിക്കുന്നത് അശാസ്ത്രീയമാണെന്നും അതുപിന്നീട് അപകടം വിതയ്ക്കുമെന്നും നാട്ടുകാർ പറയുന്നു. എന്നാൽ വീട്ടുകാർ യാതൊരു കാരണവശാലും വഴങ്ങാത്ത സ്ഥിരിയാണ്. പഞ്ചായത്ത് അധികൃതർ പ്രശ്നം രമ്യതയിലാക്കാൻ ശ്രമിച്ചുവരുന്നു .