iffk-2019

തിരുവനന്തപുരം: ലോക സിനിമയുടെ പുതിയ തുടിപ്പുകൾ പ്രേക്ഷകന് പകർന്നു നൽകിയ ഇരുപത്തിനാലാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഇന്ന് സമാപനം.മികച്ച ചിത്രത്തിനുള്ള സുവർണ ചകോരം പ്രഖ്യാപനത്തിന് ഇനി മണിക്കൂറുകൾ .

മദ്ധ്യ ആഫ്രിക്കയിലെ കലാപത്തിന്റെ നേർക്കാഴ്ചയായ 'കാമില', 2006ൽ ഇസ്രയേൽ ലെബനനെ ആക്രമിച്ചതിന്റെ പശ്ചാത്തലത്തിലൊരുക്കിയ 'ആൾ ദിസ് വിക്ടറി', അസർബൈജാനിൽ നിന്നുള്ള 'വെൻ ദി പേഴ്സിമ്മൺസ് ഗ്രൂ' എന്നിവയാണ് പ്രധാന അവാർഡ് പട്ടികയിൽ ഇടം കണ്ടെത്തുന്ന വിദേശ ചിത്രങ്ങളെന്നാണ് സൂചന. മത്സര വിഭാഗത്തിലെ മലയാള ചിത്രങ്ങളായ ജെല്ലിക്കെട്ടും,​ വൃത്താകൃതിയുള്ള ചതുരവും അവാർഡ് പ്രതീക്ഷയിലാണ്. ഈജിപ്ഷ്യൻ സംവിധായകൻ ഖൈറി ബെഷാറ ചെയർമാനായ ജൂറിയാണ് ചിത്രം തിരഞ്ഞെടുക്കുക.

വൈകിട്ട് 5.30ന് നിശാഗന്ധി ആഡിറ്റോറിയത്തിൽ സമാപനസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. അർജന്റീനിയൻ സംവിധായകൻ ഫെർണാണ്ടോ സൊളാനസിന് ആജീവനാന്ത സംഭാവനയ്ക്കുള്ള പുരസ്‌ക്കാരവും മറ്റ് പ്രധാന അവാർഡുകളും മുഖ്യമന്ത്രി വിതരണം ചെയ്യും.മന്ത്രി എ കെ ബാലൻ അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ മുഖ്യാതിഥിയും പ്രതിപക്ഷ നേതാവ് രമേശ്‌ചെന്നിത്തല വിശിഷ്ടാതിഥിയുമാകും.മന്ത്രി ഡോ.തോമസ് ഐസക്കും മേയർ കെ.ശ്രീകുമാറും പങ്കെടുക്കും. ചലച്ചിത്രമേളയുടെ 2020 ലെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ വരവറിയിച്ച് ചലച്ചിത്രതാരം റീമാ കല്ലിങ്ങലിന്റെ നേതൃത്വത്തിൽ നൃത്തപരിപാടി അരങ്ങേറും.ബിജിപാലാണ് സംഗീത സംവിധാനം .. തുടർന്ന് സുവർണ്ണചകോരം നേടുന്ന ചിത്രം പ്രദർശിപ്പിക്കും.