kudappanakunnu-sex-racket

തിരുവനന്തപുരം: ഓൺലൈൻ വഴി ഇടപാടുകാരെ കണ്ടെത്തി പെൺവാണിഭം നടത്തുന്ന സംഘം പേരൂർക്കടയിൽ പിടിയിലായി. ബുധനാഴ്ച രാത്രി നടത്തിയ റെയ്ഡിലാണ് ഇവരെ പിടികൂടിയത്. നടത്തിപ്പുകാരനായ വെള്ളനാട് സ്വദേശി രമേശ്കുമാർ റെയ്ഡിനിടെ ഓടി രക്ഷപ്പെട്ടു. ഇടപാടിനെത്തിയ മാലി സ്വദേശിയായ എഴുപതുകാരൻ, തിരുവനന്തപുരം സ്വദേശിയായ നാൽപ്പതുകാരി, കൊച്ചി മരട് സ്വദേശിയായ മുപ്പതുകാരി എന്നിവരാണ് പിടിയിലായത്. രക്ഷപ്പെടാൻ ശ്രമിച്ച 40കാരിയെ വനിത പൊലീസ് ഓടിച്ചിട്ട് പിടിച്ചു. ഓൺലൈൻ വഴിയാണ് താൻ ഇടപാടിനെത്തിയതെന്ന് മാലി സ്വദേശി പൊലീസിനോട് പറഞ്ഞു. രക്ഷപെട്ടവർക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സൈബർ പൊലീസിന്റെ സഹായത്തോടെ ഇവർ ഉപയോഗിച്ചിരുന്ന സൈറ്റിന്റെ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. കോടതിയിൽ ഹാജരാക്കിയ മാലി സ്വദേശിയെ റിമാൻഡ് ചെയ്തു. സ്ത്രീകളെ വീട്ടുകാരുടെ ജാമ്യത്തിൽ വിട്ടയച്ചു.

പെൺവാണിഭം വീട് വാടകയ്ക്കെടുത്ത്

കുടപ്പനക്കുന്ന് എ.കെ.ജി നഗറിലേക്ക് പോകുന്നവഴിയിലുള്ള ഒരു വീട് വാടകയ്‌ക്കെടുത്ത് രമേശ്കുമാറാണ് പെൺവാണിഭ കേന്ദ്രം നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. രാത്രിയും പകലും മുന്തിയ ഇനം വാഹനങ്ങളിൽ ആളുകൾ വന്നുപോകുന്നതിൽ സംശയം തോന്നിയ നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. ദിവസങ്ങളായി ഈ വീട് പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഇന്നലെ വൈകിട്ട് ഇടപാടിന് ആളെത്തിയതായി സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പേരൂർക്കട സി.ഐയുടെ നേതൃത്വത്തിൽ പൊലീസ് വീട് വളയുകയായിരുന്നു. പൊലീസിനെ കണ്ട് പന്തികേടു മണത്ത രമേശ് കുമാറും മറ്രു മൂന്ന് പേരും ഓടിരക്ഷപ്പെടുകയായിരുന്നു.