പാറശാല: യുവ തലമുറയെ മദ്യത്തിനും മയക്കുമരുന്നിനും അടിമകളാക്കി ലഹരി വസ്തുക്കളുടെ വിപരണി വ്യാപകമാകുകയാണ്. വിദ്യാർത്ഥികളെ ഇവരിലേക്ക് ആകർഷിക്കാൻ മധുര പലഹാരങ്ങളിലും പാനിയങ്ങളിലും കലർത്തി ലഹരി മാഫിയകളുടെ വലയിൽ വീഴ്ത്തുകയാണ് ആദ്യപടി. സ്കൂൾ പരിസരങ്ങളിലെ ചില കടകളിൽ ഇത് കേന്ദ്രീകരിച്ചുള്ള വിപണനവും ഉണ്ടെന്നാണ് പരാതി. തമിഴ്നാട് അതിർത്തി പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന ലഹരി മാഫിയകളാണ് ഇത്തരത്തിൽ കച്ചവടം പ്രദേശത്തെ സ്കൂൾ കേന്ദ്രീകരിച്ച് നടത്തുന്നതെന്നും പറയപ്പെടുന്നു.

ഹൈസ്കൂൾ, ഹയർസെക്കൻഡറി സ്കൂളുകൾ കേന്ദ്രീകരിച്ചാണ് ലഹരിമാഫിയകൾ കൂടുതലായും പ്രവർത്തിക്കുന്നത്. ലഹരിയുടെ അടിമകളാകുന്ന വിദ്യാർത്ഥികളെ പിന്നീട് വില്പനക്കാരുടെ ഏജന്റായി മാറ്റുകയാണ് പതിവ്. പണത്തിനും ആവശ്യത്തിനുള്ള ലഹരി പദാർത്ഥങ്ങൾക്കും വേണ്ടി കൂടുതൽ ഇരകളെ മാഫിയ സംഘത്തിലേക്ക് വിദ്യാർത്ഥികൾ തന്നെ കൊണ്ടെത്തിക്കും.

 ബോധവത്കരണം വേണം

ലഹരിക്കെതിരെ സ്‌കൂളുകളിൽ നടത്തി വരുന്ന ബോധവത്കരണത്തിന് പുറമെ വിവരങ്ങൾ അധികൃതരെ ധരിപ്പിക്കുന്നതിനായി പ്രത്യേക ബോക്സുകൾ സ്ഥാപിക്കേണ്ടതും അവ ബന്ധപ്പെട്ട എക്സൈസ് അധികൃതർ എത്തി പരിശോധിക്കണമെന്നതുമാണ് ചിലരുടെ അഭിപ്രായം.

 എൻ.ഡി.പി. എസ് ആക്ട്

മയക്കുമരുന്നുകളുമായി ബന്ധപ്പെട്ട കേസുകലിൽ പിടിക്കപ്പെടുന്ന പ്രതികളിൽ ചുമത്തുന്ന നിയമമാണ് 1985ലെ എൻ.ഡി.പി. എസ് ആക്ട്. ഈ നിയമ പ്രകാരം മയക്കുമരുന്നുകൾ വ്യാവസായിക അളവിൽ കൈവശം വയ്ക്കുകയോ കടത്തിക്കൊണ്ടുവരുകയോ ചെയ്താൽ 10 മുതൽ 20 വർഷം വരെ കഠിന തടവും ഒരു ലക്ഷം മുതൽ 2 ലക്ഷം രൂപ വരെ ശിക്ഷയും നൽകാൻ നിയമത്തിൽ വ്യവസ്ഥയുണ്ട്.

 ലഹരി വസ്ഥുക്കളുമായി എത്തുന്ന വിദ്യാർത്ഥികളെ പാറശാലയിലെ പല സ്കൂളുകളിൽ നിന്നും പല തവണ പിടികൂടി രക്ഷിതാക്കളെ ഏല്പിച്ചിട്ടുണ്ടെന്നാണ് അദ്ധ്യാപർ പറയുന്നത്.

 തലച്ചോറിന്റെ രാസഘടനയിൽ വിവിധതരം മാറ്റങ്ങളുണ്ടാക്കി വിഭ്രാന്തി പോലുള്ള അനുഭൂതിയുണ്ടാക്കുകയും ക്രമേണ പൂർണമായും മയക്കുമരുന്നിന്റെ അടിമകളായി മാറും.

 വിശപ്പില്ലായ്മ, ശ്വാസതടസ്സം, ഹൃദയമിടിപ്പ്‌ കുറയുക, രക്തസമ്മർദ്ദം കുറയുക, അപസ്മാരം എന്നിവ മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ പ്രധാന പ്രശ്നങ്ങൾ

 വിഷാദം, ആത്മഹത്യാപ്രവണത എന്നിവ കൂടുതലാകുക, സ്ഥലകാലബോധം നശിക്കുകയും, തുടങ്ങിയ മാനസിക പ്രശ്നങ്ങൾക്കും മയക്കുമരുന്ന് ഉപയോഗം വഴിവയ്ക്കും

പ്രതികരണം: സ്‌കൂളുകൾ കേന്ദ്രീകരിച്ചുള്ള ലഹരി മാഫിയ സംഘത്തിന്റെ പ്രവർത്തനം ഇല്ലാതാക്കൻ ബന്ധപ്പെട്ട എക്സൈസ്, പൊലീസ് അധികൃതർ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതാണ്.

പൗരസമിതി പാറശാല