pinarayi-vijayan

തിരുവനന്തപുരം: പാർലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഭരണഘടനാവിരുദ്ധമായ ഒരു നിയമത്തിനും കേരളത്തിൽ സ്ഥാനമുണ്ടാകില്ല. മതാടിസ്ഥാനത്തിലുള്ള ഒരു വേർതിരിവും കേരളത്തിൽ അനുവദിക്കില്ല. ഈ കരിനിയമത്തിന്റെ സാധുത സാധ്യമായ എല്ലാ വേദികളിലും സംസ്ഥാന സർക്കാർ ചോദ്യം ചെയ്യും. പാർലമെന്റ് പാസാക്കിയ നിയമത്തിൽ നിന്ന് കേരളത്തിന് മാത്രമായി വിട്ടു നിൽക്കാനാകുമോ എന്ന വാർത്താലേഖകരുടെ ചോദ്യത്തിന് നിയമം പ്രാവർത്തികമാകുന്ന ഘട്ടത്തിൽ കാണാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളായ തുല്യതയേയും മതേതരത്വത്തെയും അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ സന്തതിയാണിത്. രാജ്യത്തിന്റെ ഭരണഘടനയുടെ അടിത്തറ മതേരതത്വമാണെന്ന് സുപ്രീംകോടതി ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമത്തിലൂടെ കേന്ദ്ര സർക്കാർ സൃഷ്ടിക്കുന്നത് മതത്തിന്റെ മാത്രം അടിസ്ഥാനത്തിലുള്ള വേർതിരിവാണ്.അധികാരത്തിന്റെ മുഷ്‌ക് ഉപയോഗിച്ച് ഭരണഘടനാവിരുദ്ധമായ നിയമങ്ങൾ പാസാക്കുന്നതിന് പിന്നിൽ നീചമായ രാഷ്ട്രീയ ലക്ഷ്യങ്ങളാണ്.


ഇന്ത്യയെ മതാടിസ്ഥാനത്തിലുള്ള രാഷ്ട്രമായി വിഭജിക്കുകയെന്ന സവർക്കറുടെയും ഗോൾവാൾക്കറുടെയും മോഹമാണ് കേന്ദ്ര സർക്കാർ പൗരത്വ ഭേദഗതി നിയമത്തിലൂടെ യാഥാർഥ്യമാക്കുന്നത്. സവർക്കർ തുടങ്ങിവച്ച് ഗോൾവാൾക്കറിന്റെ വിചാരധാരയിലൂടെ വളർത്തിയെടുത്ത ഹിന്ദുരാഷ്ട്രമെന്ന അജൻഡ പ്രാവർത്തികമാക്കാനാണ് ആർ.എസ്.എസ് ശ്രമം.


രാജ്യത്തിന്റെ സമ്പദ്ഘടന പരിതാപകരമായ നിലയിലാണെന്ന് വ്യക്തമാക്കുന്ന പഠനങ്ങളും കണക്കുകളും പുറത്തുവന്നിട്ടുണ്ട്. അത്തരം ഗുരുതര പ്രശ്നങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണ് വർഗീയശക്തികൾ ഭിന്നിപ്പിക്കുന്ന നടപടികളിലേക്ക് തിരിയുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.