തിരുവനന്തപുരം: കേരളം പൂർണ ഭിന്നശേഷി സൗഹൃദ സംസ്ഥാനമായി മാറിക്കൊണ്ടിരിക്കുകയാണെന്നും ഭിന്നശേഷിക്കാർക്ക് അർഹമായ പരിഗണനയും സ്വീകാര്യതയും കേരളത്തിൽ ലഭിക്കുന്നുണ്ടെന്നും മുഖ്യമന്ത്റി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന ഭിന്നശേഷി അവാർഡ് നിശ 'സമർപ്പണം 2019' ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാലയങ്ങളിലെ ഭിന്നശേഷി വിദ്യാർത്ഥികളുടെ എണ്ണം വർഷം തോറും വർദ്ധിച്ചു വരുന്നുണ്ട്. ഭിന്നശേഷിക്കാരുടെ ഉന്നമനത്തിന് സമൂഹം ഒന്നടങ്കം പ്രവർത്തിക്കണമെന്നും മുഖ്യമന്ത്റി കൂട്ടിചേർത്തു. ദേശീയ ഭിന്നശേഷി അവാർഡ് സംസ്ഥാനത്തിന് സമർപ്പിക്കൽ, സംസ്ഥാന ഭിന്നശേഷി അവാർഡ് വിതരണം, മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ച എൽ.എൽ.സിയ്ക്കുള്ള ആദരം എന്നിവയും മുഖ്യമന്ത്റി നിർവഹിച്ചു. അദ്ധ്യക്ഷത വഹിച്ച മന്ത്റി കെ.കെ. ശൈലജ ശുഭയാത്ര ട്രൈ സ്‌കൂട്ടർ വിതരണവും നിർവഹിച്ചു. വിജയാമൃതം, സഹചാരി പദ്ധതികളുടെ വിതരണ ഉദ്ഘാടനം, ഐ.ഇ.സികളുടെ പ്രകാശനം, ടെലി റീഹാബ് യൂണിറ്റ് സമാരംഭം എന്നിവ മന്ത്റി സി. രവീന്ദ്രനാഥ് നിർവഹിച്ചു.