തിരുവനന്തപുരം: ഡിവിഷനിലെ രണ്ടാമത്തെ കോച്ചിംഗ് ടെർമിനൽ നിർമ്മാണം നേമത്ത് ഉടൻ പൂർത്തിയാക്കണമെന്ന് ഇന്നലെ ഡിവിഷണൽ റെയിൽവേ മാനേജർ ശിരിഷ് കുമാർ സിൻഹയുടെ അദ്ധ്യക്ഷതയിൽ ചേർന്ന റെയിൽവേ കൺസൾട്ടേറ്റീവ് കമ്മിറ്റി നിർദ്ദേശിച്ചു. കൊച്ചുവേളി, നേമം റെയിൽവേ സ്റ്റേഷനുകളിൽ അടിസ്ഥാനസൗകര്യവികസനം ഉടൻ പൂർത്തിയാക്കി തിരുവനന്തപുരം നോർത്ത്, സൗത്ത് റെയിൽവേ സ്റ്റേഷനുകളെന്ന് പുനർനാമകരണം നടത്തണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാനത്തെ റെയിൽവേ ട്രാക്ക് നവീകരണം വേഗം പൂർത്തിയാക്കുന്നുണ്ടെന്നും ഇൗ വർഷം ഇതുവരെ 66 കിലോമീറ്റർ നവീകരണം പൂർത്തിയായെന്നും യോഗത്തിൽ റെയിൽവേ അധികൃതർ അറിയിച്ചു. മെമു, എൽ.എച്ച്.ബി കോച്ചുകളിലേക്ക് ബോഗികൾ മാറ്റുന്ന നടപടികളും ഘട്ടംഘട്ടമായി നടത്തിവരികയാണ്. അഡിഷണൽ ഡിവിഷണൽ റെയിൽവേ മാനേജർ ജയകുമാർ, സീനിയർ കമൊേഴ്മ്യൽ മാനേജർ ഡോ. രാജേഷ് ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.