atalanta
atalanta

. യുവന്റസിനും മാഞ്ചസ്റ്റർ സിറ്റിക്കും പി.എസ്.ജിക്കും

റയലിനും വിജയങ്ങൾ

മാഡ്രിഡ് : കഴിഞ്ഞരാത്രി നടന്ന ഗ്രൂപ്പ് റൗണ്ടിലെ അവസാനത്തെയും നിർണായകവുമായ മത്സരങ്ങളിൽ വിജയം നേടി സ്പാനിഷ് ക്ളബ് അത്‌ലറ്റിക്കോ മാഡ്രിഡും ഇറ്റാലിയൻ ക്ളബ് അറ്റലാന്റയും യുവേഫ ചാമ്പ്യൻസ് ലീഗിന്റെ പ്രീക്വാർട്ടറിലെത്തി. മറ്റു അവസാന പ്രാഥമിക റൗണ്ട് മത്സരങ്ങളിൽ യുവന്റസ്, ബയേൺ, റയൽ മാഡ്രിഡ്, പി.എസ്.ജി മാഞ്ചസ്റ്റർസിറ്റി തുടങ്ങിയ വമ്പൻമാർ വിജയം കണ്ടു.

റഷ്യൻ ക്ളബ് ലോക്കോമോട്ടീവ് മോസ് കാവയെ 2- 0ത്തിന് കീഴടക്കിയാണ് അത്‌ലറ്റിക്കോ ഗ്രൂപ്പ് ഡിയിൽ രണ്ടാം സ്ഥാനക്കാരായത്. 17-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെ യാവോ ഫെലിക്സും 54-ാം മിനിട്ടിൽ ഫിലിപ്പെയുമാണ് അത്‌ലറ്റിക്കോയുടെ ഗോളുകൾ നേടിയത്.

ഉക്രേനിയൻ ക്ളബ് ഷാക്‌തർ ഡേണെസ്കിനെ 3-0 ത്തിന് കീഴടക്കി ഗ്രൂപ്പ് സിയിൽ രണ്ടാംസ്ഥാനക്കാരായാണ് അറ്റലാന്റ പ്രീക്വാർട്ടറിൽ കടന്നത്. കഴിഞ്ഞരാത്രി ഡൈനമോ സാഗ്രബിനെ 4-1ന് തകർത്ത ഇംഗ്ളീഷ് ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിയാണ് സിഗ്രൂപ്പിലെ ഒന്നാംസ്ഥാനക്കാർ. സിറ്റിക്കായി ഗബ്രിയേൽ ജീസസ് ഹാട്രിക് നേടിയിരുന്നു.

സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയും ഹിഗ്വെയ്നും നേടിയ ഗോളുകൾക്ക് ജർമ്മൻ ക്ളബ് ബയേർ ലെവർകൂസനെ കീഴടക്കി ഇറ്റാലിയൻ ക്ളബ് യുവന്റസ് ഗ്രൂപ്പ് ഡിയിലെ ഒന്നാമൻമാരായി ക്വാർട്ടറിലെത്തി. മുൻ ചാമ്പ്യൻമാരായ റയൽ മാഡ്രിഡ് 3-0 ത്തിന് ക്ളബ് ബ്രുഗയെ കീഴടക്കി ഗ്രൂപ്പ് എയിൽ പി.എസ്.ജിക്ക് പിന്നിൽ രണ്ടാമതെത്തി. റോഡ്രിഗോ, വിനീഷ്യസ് ജൂനിയർ, ലൂക്കാ മൊഡ്രിച്ച് എന്നിവരാണ് റയലിനായി ഗോളുകൾ നേടിയത്. പി.എസ്.ജി 5-0 ത്തിന് ഗലറ്റസറിയെ തകർത്തു. ജക്കാർഡി, ഷരാബിയ, നെയ്‌മർ, എംബാപ്പെ, കവാനി എന്നിവർ സ്കോർ ചെയ്തു. ബയേൺ മ്യൂണിക്കിനോട് തോറ്റെങ്കിലും ഹൊസെ മൗറീന്യോ പരിശീലിപ്പിക്കുന്ന ടോട്ടൻഹാം പ്രീക്വാർട്ടറിലെത്തിയിട്ടുണ്ട്.

മത്സരഫലങ്ങൾ

മാഞ്ചസ്റ്റർ സിറ്റി 4-ഡൈനമോ 1

അറ്റ്‌‌ലാന്റ 3-ഷാക്‌തർ 0

അത്‌ലറ്റിക്കോ 2- ലോക്കോമോട്ടീവ് 0

യുവന്റസ് 2-ലെവർകൂസൻ 0

ബയേൺ 3-ടോട്ടൻഹാം 1

റയൽ മാഡ്രിഡ് 3-ക്ളബ് ബ്രുഗെ 1

പിറേയൂസ് 1-റെഡ്സ്റ്റാർ 0

പി.എസ്.ജി 5-ഗലറ്റസറി 0

പ്രീക്വാർട്ടറിലെത്തിയവർ

പി.എസ്.ജി , റയൽ മാഡ്രിഡ്, ബയേൺ മ്യൂണിക്, ടോട്ടൻഹാം, മാഞ്ചസ്റ്റർ സിറ്റി, അറ്റലാന്റ, യുവന്റസ്, അത്‌ലറ്റിക്കോ, ലിവർപൂൾ, നാപ്പോളി, ബാഴ്സലോണ, ഡോർട്ട് മുണ്ട്, വലൻസിയ, ചെൽസി.