തിരുവനന്തപുരം: സർവകലാശാലകളിൽ അദാലത്ത് നടത്താൻ ഉന്നതവിദ്യാഭ്യാസമന്ത്റി കെ.ടി ജലീലും ഓഫീസും നേരിട്ട് ഇടപെട്ടതിന്റെ രേഖകൾ പുറത്ത്.
മന്ത്റിയുടെ പ്രൈവറ്റ് സെക്രട്ടറി ഒപ്പിട്ട് നൽകിയ കുറിപ്പ് പ്രകാരമാണ് അദാലത്ത് തീരുമാനിച്ചതും ഇതിനായുള്ള മാർഗനിർദേശങ്ങൾ ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി പുറപ്പെടുവിച്ചതും. കഴിഞ്ഞ ഫെബ്രുവരി രണ്ടിന് പ്രൈവറ്റ് സെക്രട്ടറി നൽകിയ കുറിപ്പ് മാറ്റമില്ലാതെ പകർത്തിയാണ് നാലിന് ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി അദാലത്തിനുള്ള സമയക്രമവും മാർഗനിർദ്ദേശവും പുറപ്പെടുവിച്ചത്. മന്ത്റിയുടെ നിർദ്ദേശപ്രകാരമാണ് കുറിപ്പെന്ന് പ്രൈവറ്റ് സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. മന്ത്റിയുടെ പരിഗണന അർഹിക്കുന്ന ഫയലുകൾ മന്ത്റിക്ക് കൈമാറണമെന്നും കുറിപ്പിൽ പറയുന്നു.
മന്ത്റിക്ക് ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയോട് നിർദേശിക്കാമെന്നതല്ലാതെ സർവകലാശാലകളെ സംബന്ധിക്കുന്ന ഒരു വിഷയത്തിലും നേരിട്ട് ഉത്തരവോ കുറിപ്പോ ഇറക്കാൻ പാടില്ലെന്നാണ് നിയമം. പ്രൈവറ്റ് സെക്രട്ടറി നൽകിയ കുറിപ്പിലെ ഒമ്പത് നിർദേശങ്ങൾ ഒരു മാറ്റവും വരുത്താതെയാണ് പ്രിൻസിപ്പൽ സെക്രട്ടറി സർക്കുലറാക്കി കേരള, കാലിക്കറ്റ്, എം.ജി, കണ്ണൂർ, കുസാറ്റ്, സാങ്കേതിക സർവകലാശാല രജിസ്ട്രാർമാർക്ക് അയച്ചത്. സമയക്രമമനുസരിച്ച് അദാലത്ത് നടത്താൻ മന്ത്റി നിർദേശിച്ചതായി സർക്കുലറിലും വ്യക്തമാക്കുന്നുണ്ട്.