plastic-waste

തിരുവനന്തപുരം: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ദേശീയ, സംസ്ഥാന പാതയോരങ്ങളിൽ നിന്ന് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നീക്കം ചെയ്യാൻ ഏകദിന തീവ്രപരിപാടി സംഘടിപ്പിക്കും. ഇതിന്റെ വിശദാംശങ്ങൾ ഇന്നലെ ചേർന്ന ജില്ലാ കളക്ടർമാരുടേയും വകുപ്പ് മേധാവികളുടേയും വാർഷിക സമ്മേളനം ചർച്ച ചെയ്തു. ജനുവരി 25ന് പഞ്ചായത്ത് തലത്തിൽ മാലിന്യനിർമ്മാർജന പരിപാടി നടക്കും.

സംസ്ഥാനത്ത് ഭക്ഷണപദാർത്ഥങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് കൃത്യമായ സംവിധാനം വേണമെന്ന് യോഗത്തിൽ സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. ജനുവരി ഒന്നു മുതൽ സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധിക്കാനുള്ള തീരുമാനം ഫലപ്രദമായി നടപ്പാക്കണമെന്ന് മുഖ്യമന്ത്രി ജില്ലാ കളക്ടർമാർക്കും മറ്റു വകുപ്പുതല ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകി. കെയർ കേരള പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിക്കുന്നതിനെക്കുറിച്ച് യോഗം ചർച്ച ചെയ്തു. രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനം ജനുവരിയിൽ തൃശൂരിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. 1901 വീടുകളുടെ നിർമാണം പൂർത്തിയാക്കി താക്കോൽ ഗുണഭോക്താക്കൾക്ക് കൈമാറി. ഈ മാസം തന്നെ 2000 വീടുകളും പൂർത്തിയാക്കും. വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങളെക്കുറിച്ച് യോഗം ചർച്ച ചെയ്തു. മന്ത്രിമാരായ ഇ. പി. ജയരാജൻ, എ.സി. മൊയ്തീൻ, രാമചന്ദ്രൻ കടന്നപ്പള്ളി, പ്രൊഫ. സി. രവീന്ദ്രനാഥ്, ഡോ. കെ. ടി. ജലീൽ, കെ.കെ. ശൈലജ, കടകംപള്ളി സുരേന്ദ്രൻ, സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ ഡോ. വി.കെ. രാമചന്ദ്രൻ, ചീഫ് സെക്രട്ടറി ടോം ജോസ്, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.