പാറശാല: മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രത്തിലെ മഹാശിവലിംഗത്തിനുള്ളിൽ പ്രവേശിക്കുന്നതിനും പ്രവേശന കവാടത്തിന് സമീപം സ്ഥാപിച്ചിട്ടുള്ള പ്രധാന ശിവലിംഗത്തിൽ അഭിഷേകം നടത്താനുമുള്ള ഭക്തരുടെ തിരക്ക് ദിനംപ്രതി ഏറി വരികയാണ്. ഭാരതത്തിൽ അപൂർവ്വമായിട്ട് മാത്രമേ സ്വയം ശിവലിംഗാഭിഷേകം നടത്തുന്നതിനുള്ള അവസരം ലഭിക്കാറുള്ളു. അത് ഈ ക്ഷേത്രത്തിൽ ലഭിക്കുന്നു എന്നത് ഇവിടത്തെ മാത്രം പ്രത്യേകതയാണ്. കഴിഞ്ഞ ദിവസം ക്ഷേത്രത്തിൽ എത്തിയ കർണ്ണാടക ഡി.ജി.പി രാഘവേന്ദ്ര ഔറേഡ്കർ ശിവലിംഗ അഭിഷേകവും മഹാശിവലിംഗ ദർശനവും നടത്തി. തന്റെ ജീവിതത്തിലെ അത്യപൂർവ നിമിഷങ്ങളിൽ ഒന്നാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം ക്ഷേത്രവും സമീപത്തായി നിർമ്മിച്ചിട്ടുള്ള മഹാശിവലിംഗവും മഹാ അത്ഭുതമാണെന്നും പറഞ്ഞു.