തിരുവനന്തപുരം : നഗരസഭാ പട്ടം വാർഡ് കൗൺസിലർ രമ്യ രമേശ് വിവാഹിതയായി. കുമാരപുരം എ.ജെ. ഹാളിൽ ഇന്നലെ ഉച്ചയ്ക്ക് 12നും 12.30നും മദ്ധ്യേ പുളിയറക്കോണം സ്വദേശി ഹരിപ്രസാദ് ആണ് രമ്യയ്ക്ക് താലിചാർത്തിയത്. ഒ.രാജഗോപാൽ എം.എൽ.എ വരണമാല്യം എടുത്തു നൽകി. ബി.ജെ.പി ജില്ലാകമ്മിറ്റിയും നഗരസഭയിലെ ബി.ജെപി അംഗങ്ങളും ചേർന്നാണ് വിവാഹം നടത്തിയത്. പരേതനായ രമേശിന്റെയും സരോജത്തിന്റെയും മകളായ രമ്യ ബിരുദാനന്തര ബിരുദധാരിയാണ്. ആട്ടോഡ്രൈവറായ ഹരിപ്രസാദ് പുളിയറക്കോണം രാമേശ്വരം അനിഴം വീട്ടിൽ പരേതനായ ഹരീന്ദ്രന്റെയും രമാദേവിയുടെയും മകനാണ്. വിവാഹനിശ്ചയത്തിനു ഭിന്നശേഷിക്കാരിയായ സഹോദരി മീനുവിനെ ഹരിപ്രസാദ് എടുത്തുകൊണ്ടു നടക്കുന്നത് വാർത്തയായിരുന്നു. കുമ്മനം രാജശേഖരൻ, മേയർ.കെ.ശ്രീകുമാർ, വി.കെ പ്രശാന്ത് എം.എൽ.എ, ബി.ജെ.പി സംഘടനാ സെക്രട്ടറി എം.ഗണേശൻ, ഡോ.പി.വി. വാവ, ജെ.ആർ.പത്മകുമാർ, സി.ശിവൻകുട്ടി, ജില്ലാ പ്രസിഡന്റ് എസ്. സുരേഷ്, വി.വി രാജേഷ്, തപസ്യ സെക്രട്ടറി ഡി.വിജയൻ, സംഘടനാ സെക്രട്ടറി ഹരിദാസ്, പ്രസാദ് ബാബു, ഭീമ ഗോവിന്ദൻ, കൗൺസിലർമാരായ എം.ആർ ഗോപൻ, ഗിരികുമാർ, സിമി ജ്യോതിഷ്, തുടങ്ങിയവർ വധു വരന്മാർക്ക് ആശംസയറിയിച്ച് എത്തി.