തുമ്പ : കേരളത്തിനെതിരായ സീസണിലെ ആദ്യരഞ്ജി ട്രോഫി മത്സരത്തിന്റെ അവസാന ദിനം പൊരുതിനിന്ന് സമനില പിടിച്ചെടുത്ത് ഡൽഹി, തുമ്പ സെന്റ് സേവ്യേഴ്സ് സ്റ്റേഡിയത്തിൽ അവസാന ദിവസമായ ഇന്നലെ. 142/1 എന്ന നിലയിൽ ഫോളോ ഒാൺ ഇന്നിംഗ്സ് പുനരാരംഭിക്കാനിറങ്ങിയ ഡൽഹി 395/4 എന്ന നിലയിലെത്തിച്ചാണ് തോൽവി ഒഴിവാക്കിയത്. കുനാൽ ചന്ദേലയു‌ടെയും (125), നിതീഷ് റാണ (114) എന്നിവരുടെ സെഞ്ച്വറികളാണ് ഡൽഹിക്ക് തുണയായത്. കഴിഞ്ഞദിവസം ഒാപ്പണർ അനുജ് റാവത്ത് 87 റൺസെടുത്തിരുന്നു.

തുമ്പയിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കേരളം ആദ്യ ഇന്നിംഗ്സിൽ 525/9 എന്ന സ്കോറിൽ ഡിക്ളയർ ചെയ്തിരുന്നു. സച്ചിൻ ബേബി (155), റോബിൻ ഉത്തപ്പ (102), പി. രാഹുൽ (97), സൽമാൻ നിസാർ (77) എന്നിവരുടെ ബാറ്റിംഗ് മികവിലായിരുന്നു കേരളം കൂറ്റൻ സ്കോർ നേടിയത്. തുടർന്ന് ഡൽഹിയെ 142 റൺസിന് ആദ്യ ഇന്നിംഗങ്ങസിൽ ആൾ ഒൗട്ടാക്കിയതോടെ കേരളത്തിന് വിജയ പ്രതീക്ഷയുണർന്നു. ജലജ് സക്സേന ആറ് വിക്കറ്റ് വീഴ്ത്തി. എന്നാൽ 383 റൺസ് ലീഡ് വഴങ്ങി ഫോളോ ഒാണിനിറങ്ങിയ ഡൽഹി രണ്ടാം ഇന്നിംഗ്സിൽ പൊരുതിനിന്നതോടെ കളി സമനിലയിൽ അവസാനിച്ചു.

കേരളത്തിന്റെ നായകൻ സച്ചിൻ ബേബിയാണ് മാൻ ഒഫ്ദ മാച്ച്. ഒന്നാം ഇന്നിംഗ്സ് ലീഡിന്റെ മികവിൽ കേരളത്തിന് മൂന്ന് പോയിന്റ് ലഭിച്ചു. ഡൽഹിക്ക് ഒരു പോയിന്റും ഇൗ മാസം 17 മുതൽ ബംഗാളിനെതിരെ തുമ്പയിൽ വച്ചാണ് കേരളത്തിന്റെ അടുത്ത മത്സരം.