photo

നെടുമങ്ങാട്: തലസ്ഥാനത്തിന്റെ കുടിനീർ വാഹിനിയായ അരുവിക്കരയിലും സമീപ പ്രദേശങ്ങളിലും ജനങ്ങൾ നേരിടുന്ന രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് 'ജലജീവൻ മിഷൻ' പദ്ധതിയിൽ ഉൾപ്പെടുത്തി പരിഹാരം കാണുമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. അരുവിക്കര വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇന്നലെ രാവിലെ അരുവിക്കര ഗസ്റ്റ് ഹൗസിലെത്തിയ മന്ത്രി ഗ്രാമപഞ്ചായത്ത് അധികൃതരുമായും വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥരുമായും ചർച്ച നടത്തി.തുടർന്ന് 86-74 എം.എൽ.ഡി റോ വാട്ടർ പമ്പു ഹൗസുകളുടെ സബ് സ്റ്റേഷന്റെയും ചിത്തിരക്കുന്നിലുള്ള 86-74 എം.എൽ.ഡി ക്ലിയർ വാട്ടർ പമ്പു ഹൗസുകളുടെയും പ്രവർത്തനം നേരിട്ട് വിലയിരുത്തി. അരുവിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഐ.മിനി, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി ചെയർപേഴ്‌സൺ ഒ.എസ്.പ്രീത, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി.വിജയൻനായർ, വിജയകുമാരി. കരകൗശല കോർപ്പറേഷൻ ചെയർമാൻ കെ.എസ്.സുനിൽകുമാർ, വാട്ടർ അതോറിട്ടി ചീഫ് എൻജിനീയർ ശ്രീകുമാർ, സൂപ്രണ്ടിംഗ് എൻജിനീയർ സുരേഷ് ചന്ദ്രൻ, എക്സിക്യൂട്ടീവ് എൻജിനീയർ നൗഷാദ്, അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ മധു തുടങ്ങിയവർ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.