s-l-narayanan
s l narayanan

മാഡ്രിഡ് : സ്‌പെയ്നിൽ നടന്ന പ്രഥമ എല്ലോ ബ്രിഗേറ്റ് ഒാപ്പൺ ചെസ് ചാമ്പ്യൻഷിപ്പിൽ മലയാളി ഗ്രാൻഡ് മാസ്റ്റർ എസ്.എൽ. നാരായണന് കിരീടം. ഫൈനൽ റൗണ്ടിലെ ടൈ ബ്രേക്കറിൽ പോളിഷ് ഗ്രാൻഡ് മാസ്റ്റർ ബാർട്ടൽ മത്തീസിനെ തോൽപ്പിച്ചാണ് നാരായണൻ ജേതാവായത്. ടൈബ്രേക്കറിലെ ബ്ളിറ്റ്സ് റൗണ്ടിലും ടൈ വന്നതിനെതുടർന്ന് അർമാഗഡോൺ റൗണ്ടിലാണ് മത്തീസിനെ കീഴടക്കിയത്.

ഇന്ത്യൻ യുവതാരം അർജുൻ എരിഗൈസി മൂന്നാംസ്ഥാനം നേടി.

55 ഇന്ത്യൻ താരങ്ങളാണ് ഇൗമാസം മൂന്നുമുതൽ 11 വരെ നടന്ന ടൂർണമെന്റിൽ പങ്കെടുത്തത്. ഇതിൽ നാരായണനും അർജുനുമടക്കം ആറുപേർ ആദ്യ പത്ത് സ്ഥാനത്തിനുള്ളിൽ ഫിനിഷ് ചെയ്തു. 21 കാരനായ നാരായണന് ഇൗ കിരീട വിജയത്തോടെ 2636 എല്ലോ റേറ്റിംഗ് പോയിന്റാകും.

തിരുവനന്തപുരം മണ്ണന്തലയിൽ സുനിൽ ദത്തിന്റെയും എൽ.ഐ.സി ഉദ്യാേഗസ്ഥയായ ലൈനയുടെയും മകനാണ് നാരായണൻ. ജൂനിയർ തലത്തിൽ നിരവധി ടൂർണമെന്റുകളിൽ വിജയിച്ചിട്ടുണ്ട്.

ഇന്ന് തുടങ്ങുന്ന സൺവെയ്സ് സിറ്റ്ഗെസ് ചെസ് ഫെസ്റ്റിവലിലാണ് നാരായണൻ പങ്കെടുക്കുന്നത്.