ഗ്വാങ്ഷു : ബി.ഡബ്‌ള്യു.എഫ് വേൾഡ് ടൂർ ഫൈനൽസ് പ്രാഥമിക റൗണ്ടിലെ രണ്ടാം മത്സരത്തിലും ഇന്ത്യൻതാരം പി.വി. സിന്ധുവിന് തോൽവി. ആദ്യമത്സരത്തിൽ ജാപ്പനീസ് താരം അകാനെ യമാഗുചിയോട് തോറ്റിരുന്ന സിന്ധുവിനെ ഇന്നലെ ചൈനീസ് താരം ചെൻ യുഫെയ് ആണ് തോൽപ്പിച്ചത്. സ്കോർ 20-22, 21-16, 21-12. ഇതോടെ സിന്ധു സെമിയിലെത്താനുള്ള സാദ്ധ്യതകൾ മങ്ങി.

ആസ്ട്രേലിയ 248/4

പെർത്ത് : ന്യൂസിലൻഡിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടി ബാറ്റിംഗ്‌നിറങ്ങിയ ആസ്ട്രേലിയ ആദ്യദിനം 248/4 എന്ന സ്കോറിലെത്തി. മാർനസ് ലബുഷാംഗെ 110 റൺസുമായി പുറത്താകാതെ നിൽക്കുന്നു. സ്മിത്തും വാർണറും 43 റൺസ് വീതം നേടി പുറത്തായി.

അലിംദാറിന് റെക്കാഡ്

പെർത്ത് : ന്യൂസിലൻഡ് -ആസ്ട്രേലിയ ടെസ്റ്റ് മത്സരത്തിലൂടെ ഏറ്റവും കൂടുതൽ ടെസ്റ്റുകൾ ഒഫിഷ്യേറ്റ ചെയ്യുന്ന അമ്പയറായി പാകിസ്ഥാൻകാരൻ അലിംദാർ റെക്കാഡ് സൃഷ്ടിച്ചു. തന്റെ 129-ാം ടെസ്റ്റ് മത്സരമാണ് അലിംദാർ നിയന്ത്രിക്കുന്നത്. സ്റ്റീവ് ബക്‌നറുടെ റെക്കാഡാണ് മറികടന്നത്.

കൊച്ചിയിൽ ഇന്ന്

ബ്ളാസ്റ്റേഴ്സിന്റെ കളി

കൊച്ചി : ആദ്യ മത്സരത്തിനുശേഷം സീസണിൽ ഇതേവരെ വിജയം നേടാനാകാതെ കേരള ബ്ളാസ്റ്റേഴ്സ് ഇന്ന് കൊച്ചിയിൽ നടക്കുന്ന ഐ.എസ്.എൽ മത്സരത്തിൽ ജംഷഡ്പൂർ എഫ്.സിയെ നേരിടും. ഏഴ് മത്സരങ്ങളിൽനിന്ന് ആറ് പോയിന്റുള്ള ബ്ളാസ്റ്റേഴ്സ് എട്ടാംസ്ഥാനത്താണ്. 12 പോയിന്റുള്ള ജംഷഡ്പൂർ നാലാം സ്ഥാനത്തും രാത്രി 7.30 നാണ് മത്സരം തുടങ്ങുന്നത്.

ട്രോഫി പിടിക്കാൻ

സഞ്ജു സാംസൺ

മുംബയ് : വിൻഡീസിനെതിരായ ട്വന്റി 20 പരമ്പരയിലെ വിജയികൾക്കുള്ള ട്രോഫിയേന്തി ടീം ഫോട്ടോയക്ക് പോസ് ചെയ്യാൻ മലയാളിതാരം സഞ്ജു സാംസണിന് അവസരം നൽകി വിരാട് കൊഹ‌്ലി. പരമ്പര നേടുമ്പോൾ ട്രോഫി പിടിക്കാനുള്ള അവസരം സാധാരണയായി ടീമിലെ ജൂനിയർ മോസ്റ്റ് താരത്തിനാണ് നൽകാറുള്ളത്. തുടർച്ചയായ ആറാം മത്സരത്തിലും ബെഞ്ചിലിരുന്ന സഞ്ജു ഇനി രഞ്ജി ട്രോഫിക്കായി നാട്ടിലേക്ക് മടങ്ങും.

ക്യാപ്ഷൻ

കഴിഞ്ഞദിവസം ഹൈദരാബാദിൽ വിവാഹിതരായ മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്ടൻ മുഹമ്മദ് അസ്‌ഹറുദീന്റെ മകൻ അസദും ടെന്നിസ് താരം സാനിയ മിർസയുടെ സഹോദരി അനം മിർസയും.