ശബരിമല: സന്നിധാനത്ത് നിന്നും പമ്പയിലേക്ക് മലയിറക്കിയ അപ്പവും അരവണയും അയ്യപ്പൻമാർക്ക് വേണ്ട. ദിവ്യപ്രസാദം സന്നിധാനത്തെ കൗണ്ടറിൽ നിന്ന് തന്നെ വാങ്ങിയാണ് അയ്യപ്പൻമാർ മടങ്ങുന്നത്. പമ്പയിൽ കൊണ്ടുവച്ച് വിറ്റാൽ അമിതലാഭം കിട്ടുമെന്നായിരുന്നു ദേവസ്വം ബോർഡ് സ്വപ്നം കണ്ടിരുന്നത്. അത് പാടെ പാളി. പ്രസാദം പമ്പയിലെത്തിക്കുന്നതിനുള്ള ചെലവുംകൂടി കൂടിയതോടെ സംഭവം പെരിയ നഷ്ടത്തിലായി. ഇനി എന്ത് ചെയ്യണമെന്ന് തലപുകയ്ക്കുകയാണ് ബോർഡ്. പമ്പയിൽ നിന്ന് എടത്തുകൊണ്ട് ഓടണോ അതോ കടിച്ച് പിടിച്ച് തുടരണമോ എന്നായി ചിന്ത. കഴിഞ്ഞ 10 നാണ് പമ്പയിൽ കൗണ്ടർ ആരംഭിച്ചത്.
സ്വാമി പ്രസാദമായ അരവണ സന്നിധാനത്ത് തയ്യാറാക്കി ടിന്നുകളിലാക്കി ട്രാക്ടറിൽ പമ്പയിൽ എത്തിച്ചാണ് വിതരണം. നിലവിൽ അൻപതിനായിരം ടിൻ അപ്പവും അത്ര തന്നെ അരവണയുമാണ് പമ്പയിൽ കരുതിയിരിക്കുന്നത്. എന്നാൽ കഴിഞ്ഞ രണ്ടുദിവസമായി വിറ്റത് 7000 രൂപയുടെ അരവണയും 2600 രൂപയുടെ അപ്പവുമാണ്. ശബരിമല പ്രസാദം പമ്പയിൽ വിൽക്കുന്നതിനെതിരെ വിവിധ ഹൈന്ദവ സംഘടനകളുടെ പ്രതിഷേധം ശക്തമായതും തന്ത്രി കുടുംബവും പന്തളം കൊട്ടാരവും ഇതിനെതിരെ പ്രതികരിച്ചതും ബോർഡിനെ പ്രതിരോധത്തിലാക്കി.
അയ്യപ്പന്റെ നിവേദ്യമായ അപ്പം, അരവണ മറ്റൊരു ക്ഷേത്രമായ പമ്പയിൽ വിതരണം ചെയ്യുന്നത് ആചാര ലംഘനമാണെന്ന അക്ഷേപമാണ് വിവിധ ഹിന്ദു സംഘടനകളും പന്തളം കൊട്ടാരവും ഉന്നയിച്ചത്. നിലവിൽ പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് അരവണ നിർമ്മാണത്തിനാവശ്യമായ ശർക്കര ട്രാക്ടറിൽ എത്തിക്കുന്നുണ്ട്. എന്നാൽ ഇതേ ട്രാക്ടറിൽ അരവണ പമ്പയിലേക്ക് എത്തിക്കാൻ ബോർഡിന് കഴിയുന്നില്ല. ഒരു ഭാഗത്തേക്ക് മാത്രം സാധനങ്ങൾ കൊണ്ടുപോകാനുള്ള കരാറാണ് ട്രാക്ടർ ഉടമകളുമായി ദേവസ്വം ബോർഡ് ഉണ്ടാക്കിയിരിക്കുന്നത്.
ഇക്കാരണത്താൽ പമ്പയിലേക്ക് അരവണ കൊണ്ടുപോകുന്നതിനും പ്രത്യേകം കൂലി നൽകേണ്ട സ്ഥിതിയാണ്. വരും ദിവസങ്ങളിൽ അപ്പവും അരവണയും കൂടുതൽ ചെലവായില്ലെങ്കിൽ കൗണ്ടറുകൾ നിറുത്തേണ്ടി വരുമെന്നാണ് ദേവസ്വം ബോർഡിലെ ചില ഉന്നത ഉദ്യോഗസ്ഥർ നൽകുന്ന സൂചന. മാത്രമല്ല പമ്പയിലെ വഴിപാട് പ്രസാദമായ മോദകത്തിന്റെയും അവലിന്റെയും വില്പന കുറയുമോയെന്ന ആശങ്കയും ദേവസ്വം ബോർഡിനുണ്ട്. മണ്ഡല - മകരവിളക്ക് കാലത്തല്ലാതെ മുഴുവൻ ദിവസവും നട തുറന്നിരിക്കുന്ന പമ്പയിൽ ശബരിമല നട അടച്ചാൽ അരവണ വിതരണം നിറുത്തിവയ്ക്കുമോയെന്ന കാര്യത്തിലും ദേവസ്വംബോർഡിന് വ്യക്തതയില്ല.