k-t-jaleel

തിരുവനന്തപുരം: കേരളത്തിലെ വിവിധ സർവകലാശാലകളിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിയും പ്രൈവറ്റ് സെക്രട്ടറിയും നടത്തിയ കൂടുതൽ നിയമലംഘനങ്ങൾ പുറത്ത്. ചട്ടങ്ങളെല്ലാം മറികടന്ന് പ്രൈവറ്റ് സെക്രട്ടറി വൈസ് ചാൻസലർമാരോടും അദാലത്ത് നടത്താൻ നേരിട്ട് ഉത്തരവിട്ടു. അദാലത്ത് നടത്താൻ പ്രൈവറ്റ് സെക്രട്ടറി കെ.ഷറഫുദ്ദീൻ ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കുറിപ്പ് നൽകിയതിന് പിന്നാലെ സർവകലാശാല വി.സിമാർക്കും ഇതുസംബന്ധിച്ച ഉത്തരവ് നൽകി.

സ്വയം ഭരണാധികാരമുള്ള വൈസ് ചാൻസലർമാർക്ക് ചാൻസലറായ ഗവർണർ മാത്രമാണ് മേലധികാരി. എന്നാൽ, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി നിയമം കയ്യിലെടുത്ത് ഉത്തരവ് നൽകുന്നത് ചരിത്രത്തിൽ തന്നെ കേട്ടുകേൾവിയില്ലാത്തതാണ്. ഫെബ്രുവരി ഒന്നിനാണ് കെ.ഷറഫുദ്ദീൻ മന്ത്രി കെ.ടി ജലീലിന്റെ ഓഫീസിൽ നിന്ന് തയാറാക്കിയ ഉത്തരവ് കേരളത്തിലെ സർവകലാശാല വി.സിമാർക്ക് നൽകിയത്. മന്ത്രിയെ ഫയലുകൾ കാണിക്കണമെന്നും മന്ത്രി ഇടപെടേണ്ട ഫയലുകൾ മാറ്റി വയ്ക്കണമെന്നും ഉത്തരവിൽ പറയുന്നു.

ഈ ഉത്തരവ് കിട്ടിയതോടെ സർവകലാശാല വി.സിമാർ ഉത്തരവ് അതേപടി അനുസരിച്ച് സർക്കുലർ ഇറക്കി. സാധാരണ സർവകലാശാല രജിസ്ട്രാർമാരാണ് ഇത്തരത്തിലുള്ള സർക്കുലറുകൾ ഇറക്കുന്നത്. എന്നാൽ ഇവിടെ വി.സിമാർ സ്വയം മന്ത്രിയുടെ ഓഫീസിന്റെ നിർദേശം അനുസരിക്കാൻ മുന്നോട്ട് വരികയായിരുന്നു. രജിസ്ട്രാർമാർ നിയമലംഘനത്തെ എതിർത്തതിനാലാണ് വി.സിമാർ സ്വയം ഉത്തരവിറക്കിയതെന്നാണ് സൂചന. മന്ത്രിക്ക് വേണ്ടി പ്രവർത്തിക്കുന്ന പ്രൈവറ്റ് സെക്രട്ടറിയുടെ ഉത്തരവ് വൈസ്ചാൻസലർമാരാരും ചോദ്യം ചെയ്തില്ല എന്നതും സംശയത്തിനിടയാക്കുന്നു.ഈ വിഷയത്തിൽ വിവിധ സർവകലാശാല വി.സിമാരെ ബന്ധപ്പെട്ടെങ്കിലും ആരും പ്രതികരിക്കാൻ തയ്യാറായില്ല.