കുണ്ടറ: പ്രവാസിയുടെ ഭാര്യയായ കാമുകി ഷാജിലയെ (ഷൈല) കൊലപ്പെടുത്തിയ കേസിലെ പ്രതി അനീഷ് കുട്ടിയെ കോടതി റിമാൻഡ് ചെയ്തു. പൊലീസിന് മുന്നിൽ പ്രതി കുറ്റം സമ്മതിച്ചു. വീണ്ടും ശല്യം ചെയ്തതിനെതിരെ പൊലീസിൽ പരാതി നൽകിയതിലുള്ള വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ബുധനാഴ്ച രാവിലെ 8.30 ഓടെ കൃത്യം നടത്താൻ ഉറപ്പിച്ചായിരുന്നു അനീഷിന്റെ വരവ്. വീട്ടിൽ നിന്ന് കറിക്കത്തിയും മുളകുപൊടിയും കരുതിയിരുന്നു. 8.45 ഓടെ മകളെ സ്കൂൾ ബസിൽ കയറ്റിവിടാൻ പോകുമെന്നും കൃത്യമായി അയൽവാസിയായ അനിഷിന് അറിയാമായിരുന്നു. മകളെ സ്കൂളിലാക്കി മടങ്ങിവരവെയാണ് ഷാജിലയെ പ്രതി കുത്തിവീഴ്ത്തിയത്. പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡി അപേക്ഷ നൽകുമെന്ന് കുണ്ടറ സി.ഐ രമേശ് കുമാർ പറഞ്ഞു. ബുധനാഴ് രാത്രിയോടെ ഷാജിലയുടെ ഭർത്താവ് വിദേശത്തുനിന്ന് നാട്ടിലെത്തിയിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമാർട്ടത്തിന് ശേഷം മൃതദേഹം ഇന്നലെ വൈകിട്ട് ആറോടെ ഇളമ്പള്ളൂർ ജമാ അത്ത് ഖബർ സ്ഥാനിൽ കബറടക്കി.