red-213

​അലിയാർ സെൽഫോൺ എടുക്കുന്നത് കിടാക്കന്മാരും പരുന്ത് റഷീദും കണ്ടു.

''ആ മുടിഞ്ഞവൻ പോലീസ് ഫോഴ്‌സിനെ വിളിക്കാൻ ഭാവിക്കുകയാ..."

ശ്രീനിവാസകിടാവിന്റെ ഉള്ളിൽ ഒരു വെള്ളിടി വെട്ടി.

''നമ്മൾ എങ്ങനെ രക്ഷപെടും പരുന്തേ?"

പരുന്ത് റഷീദിന്റെ കണ്ണുകൾ കുറുകി.

''വാതിൽ പുറത്തുനിന്ന് പൂട്ടിയിരിക്കുന്നതിനാൽ നമ്മൾ ഇവിടെ നിന്ന് രക്ഷപെടില്ലെന്ന് പോലീസ് തീർച്ചയാക്കും. അതിനാൽ അവർ ആ വാതിലുകൾ തുറന്നേ അകത്തേക്കു വരൂ. പക്ഷേ അത്ര വേഗത്തിൽ അവർക്ക് അതിനു കഴിയില്ല.

പോലീസ് വരികയാണെങ്കിൽ നമ്മൾ അകത്തുനിന്ന് വാതിൽ ലോക്കുചെയ്യും. പിന്നെ ഞാൻ പുറത്തേക്കു പോയ വഴിയെ നമ്മൾ രക്ഷപെടും..."

അതുകേട്ടപ്പോൾ ശേഖരന് ഇച്ഛാഭംഗമായി.

''നിധിയെടുക്കാൻ കഴിയാതെ... ചന്ദ്രകലയെയും പ്രജീഷിനെയും കൊല്ലാതെ..."

''അവരെ കൊല്ലുന്നത് പ്രശ്നമുള്ള കാര്യമല്ലല്ലോ. നിധിയും നമ്മളെടുക്കും. നമ്മൾ ഇതിനുള്ളിൽ ഉണ്ടായിരുന്നെന്ന് ചന്ദ്രകലയുടെയും പ്രജീഷിന്റെയും ശവശരീരങ്ങൾ പോലീസിനോടു പറയില്ലല്ലോ.... മാത്രമല്ല കോവിലകത്തുണ്ടായിരുന്നത് അവർ ഇരുവരും മാത്രമാണെന്ന് പോലീസ് കരുതിക്കൊള്ളുകയും ചെയ്യും."

പരുന്തിന്റെ ആ അഭിപ്രായം കിടാക്കന്മാർക്ക് അനൽപ്പമായ ആഹ്ളാദം പകർന്നു.

അവരുടെ കണ്ണുകൾ വീണ്ടും സി.ഐ അലിയാരിൽ തറഞ്ഞു.

പോലീസ് ഫോഴ്സിനെ വിളിക്കുക തന്നെയായിരുന്നു അലിയാരുടെ ലക്ഷ്യം. എന്നാൽ പെട്ടെന്ന് അയാൾ ആ ഉദ്യമത്തിൽ നിന്നു പിന്മാറി.

കാരണം അകത്തുള്ളത് ആരാണെങ്കിലും ശരി വില്ലൻ പക്ഷത്തുള്ള ഒരു പ്രധാനി പുറത്താണ്.

അകത്തുള്ളവർ കസ്റ്റഡിയിൽ ആയെന്നറിഞ്ഞാൽ പിന്നെ തനിക്ക് അയാളെ മഷിയിട്ടു നോക്കിയാൽ പോലും കിട്ടിയെന്നു വരില്ല.

സെൽഫോൺ തിരികെ പോക്കറ്റിലിട്ടു അലിയാർ. ശേഷം ചെന്ന് ബൊലേറോയിൽ കയറി.

കോവിലകത്തിന്റെ മുറ്റത്ത് വട്ടം തിരിഞ്ഞ് അത് മടങ്ങിപ്പോയി.

കിടാക്കന്മാർ ആശ്വാസത്തോടെ പരസ്പരം നോക്കി.

ശ്രീനിവാസ കിടാവ് പരുന്തിനു നേർക്കു തിരിഞ്ഞു.

''ഇനി നമുക്ക് സമയം കളയാനില്ല. എത്രയും വേഗം കല്ലറകൾ പൊളിക്കണം. അവയിലുള്ളതെല്ലാം വാരിയെടുക്കണം."

''എങ്കിൽ വാ സാറന്മാരേ..." പരുന്ത് തിരിഞ്ഞു നടന്നു.

മുറിയിൽ ചാർജ്ജിൽ ഇട്ടിരുന്ന എമർജൻസി ലൈറ്റും എടുത്തുകൊണ്ട് കിടാക്കന്മാരും പിന്നാലെ പോയി.

നിലവറയിലെ ദുർഗ്ഗന്ധം കുറഞ്ഞിരുന്നു. പരുന്തിന്റെ ബുദ്ധിയാണ് സഹായകമായതെന്നു കിടാക്കന്മാർ ഓർത്തു.

നേരത്തെ അവർ പകുതി പൊളിച്ചുവച്ചിരുന്ന കല്ലറയുടെ സ്ലാബ് നീക്കം ചെയ്യാനുള്ള പണി പരുന്ത് റഷീദ് ഏറ്റെടുത്തു.

അരമണിക്കൂർ കൊണ്ട് സ്ളാബിന്റെ ചുറ്റുമുള്ള ഭാഗം അയാൾ കമ്പിപ്പാരയാൽ കുത്തിയിളക്കി.

ശേഷം പാര പകുതിയോളം അകത്തേക്കു കടത്തിയിട്ട് അടുത്ത അഗ്രം തന്റെ തോളിൽ ഉറപ്പിച്ചു.

കിടാക്കന്മാർ കൂടി പാറയിൽ പിടിച്ചു.

''പൊക്കി വിട്ടോ സാറന്മാരേ..."

പറഞ്ഞതും പരുന്ത് മുകളിലേക്കുയർന്നു.

കല്ലറയുടെ മേൽമൂടിയായ കൽപ്പാളി അപ്പുറത്തേക്കു നിരങ്ങിവീണു.

അതൊരു ഭീകരശബ്ദമായി നിലവറയെ വിറപ്പിച്ചു.

വീഴ്ചയിൽ കൽപ്പാളി നടുവെ ഒടിഞ്ഞു...

ശേഖരൻ ആർത്തിയോടെ എമർജൻസി ലാംപുയർത്തി കല്ലറയ്ക്കുള്ളിലേക്ക് നീട്ടി നോക്കി.

മറ്റുള്ളവരും.

''ങ്‌ഹേ?"

അവരിൽ നിന്നൊരു ശബ്ദമുയർന്നു. കല്ലറയ്ക്കുള്ളിൽ നിധിയൊന്നും ഉണ്ടായിരുന്നില്ല!

പകരം നീണ്ടുനിവർന്നു കിടക്കുന്ന ഒരു അസ്ഥികൂടം!

''ഛേ..." കിടാവ് തല കുടഞ്ഞു.

''ഇത്രയും കഷ്ടപ്പെട്ടത് വെറുതെയായല്ലോ..."

''സാരമില്ല ചേട്ടാ... ഈ കല്ലറകളിൽ ഏതിലൊക്കെയോ നിധിയുണ്ട്. നമ്മൾ ബാക്കി കൂടി പൊളിക്കും." ശേഖരൻ ആശ്വസിപ്പിച്ചു.

പരുന്ത് റഷീദ് തൊട്ടടുത്ത കല്ലറയുടെ മൂടി ഇളക്കാനുള്ള പ്രയത്നം തുടങ്ങി...

ആ സമയത്ത് പ്രജീഷ് കണ്ണുതുറന്നു. താൻ എവിടെയാണെന്ന് ചുറ്റും ശ്രദ്ധിച്ചു. ഒരു നിമിഷം കൊണ്ട് മനസ്സിലായി വടക്കേ കോവിലകം!

പെട്ടെന്ന് തന്റെയരുകിൽ കിടക്കുന്ന ചന്ദ്രകലയെയും അയാൾ കണ്ടു.

പ്രജീഷ് എഴുന്നേൽക്കാൻ ഭാവിച്ചു. അപ്പോഴാണ് താൻ ബന്ധിതനാണെന്ന കാര്യം മനസ്സിലാകുന്നത്.

മിന്നൽ പോലെ അയാളുടെ മനസ്സിലേക്ക് ബാംഗ്ളൂരിൽ നിന്ന് കാറിൽ വരുമ്പോഴത്തെ സംഭവം തെളിഞ്ഞു.

പരുന്ത് റഷീദും മറ്റൊരാളും!

ആരു പറഞ്ഞിട്ടാണ് അവർ തങ്ങളെ ഇവിടേക്കുതന്നെ കൊണ്ടുവന്നത്?

''കലേ..."

അയാൾ വിളിക്കാൻ ഭാവിച്ചു. ആ നിമിഷമറിഞ്ഞു അതിനു കഴിയുന്നില്ല.

തന്റെ വായിൽ എന്തോ തിരുകിയിരിക്കുന്നു. തല ചരിച്ച് അയാൾ ചന്ദ്രകലയെ ശ്രദ്ധിച്ചു.

അവളുടെ വായിലുമുണ്ട്... തുണിയാണു തിരുകിയിരിക്കുന്നത്.

അവളും ബന്ധിതയാണ്!

കൈകാലുകളിലെ കെട്ടുകൾ പൊട്ടിക്കാൻ ഒരു ശ്രമം നടത്തി പ്രജീഷ്. കഴിഞ്ഞില്ല. എത്ര ശ്രമിച്ചാലും കഴിയില്ലെന്നും ഉറപ്പായി.

വായിലെ തുണി തുപ്പിക്കളയാനും നോക്കി.

അതും പറ്റുന്നില്ല...!

അയാൾ കട്ടിലിൽ തലയിട്ടടിച്ചു.

ഒരു മണിക്കൂർ കഴിഞ്ഞു.

വടക്കേ കോവിലകത്തിന്റെ നിലവറയിൽ പരുന്ത് റഷീദ് രണ്ടാമത്തെ കല്ലറയുടെയും സ്ലാബ് ഇളക്കി.

അതിനുള്ളിലേക്കും ശേഖരൻ വെളിച്ചമടിച്ചു നോക്കി.

ആഹ്ളാദകരമായ ഒരു ശബ്ദം കിടാക്കന്മാരിൽ നിന്നും പരുന്തിൽ നിന്നും ഉയർന്നു.

അതിനുള്ളിൽ നാലഞ്ച് വലിയ തുണിസഞ്ചികളായിരുന്നു. പട്ടുകൊണ്ട് ഉണ്ടാക്കിയ സഞ്ചികൾ...!

(തുടരും)