കൊച്ചി: വിദേശ കപ്പലിൽ ജോലി. മാസം ലക്ഷം രൂപ സാലറി. മുംബയിലുള്ള ഷിപ്പിംഗ് കമ്പനിയുടെ പേരിൽ ഓഫർ ലെറ്റർ കൂടിയായതോടെ വിശ്വാസം ഇരട്ടിച്ചു. ഘട്ടം ഘട്ടമായി മൂന്നു ലക്ഷം രൂപ മുതൽ അഞ്ചു ലക്ഷം രൂപ വരെ ഓരോ ഉദ്യോഗാർത്ഥികളിൽ നിന്ന് ഫീസ് ഇനത്തിൽ ഈടാക്കി. സോഷ്യൽ മീഡിയ വഴി വിജിലിന്റെയും സുഹൃത്തുക്കളുടെയും മോഹനവാഗ്ദാനങ്ങൾക്കു മുമ്പിൽ ഇരയായത് 30 ഓളം പേർ. മാസങ്ങൾ കഴിഞ്ഞിട്ടും ജോലി ആകാതായതോടെ ഉദ്യോഗാർത്ഥികൾ പൊലീസിനെ സമീപിക്കുകയായിരുന്നു.
വിദേശ കപ്പലുകളിൽ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളിൽ നിന്ന് ഒരു കോടിയോളം രൂപ കൈപ്പറ്റിയ മൂവർ സംഘത്തിലെ പ്രധാനി, തൃശൂർ തിരുവില്വാമല ജയാലയത്തിൽ വിജിൽ കനേത്തറയെ(35) കഴിഞ്ഞ ദിവസമാണ് ഇയാളെ ഹാർബർ പൊലീസ് ബംഗളൂരുവിൽ നിന്ന് പിടി കൂടിയത്. മുംബയ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വിജിൽ ക്രൂസ് വോയ്‌സ് ലിമിറ്റഡ് കമ്പനിയുടെ രവിപുരത്തുള്ള കനേത്തറ മറീൻ സൊലൂഷൻ എന്ന കമ്പനി നവ മാദ്ധ്യമങ്ങൾ വഴി പരസ്യം നൽകി ഉദ്യോഗാർഥികളിൽ നിന്ന് 3 മുതൽ അഞ്ചു ലക്ഷം രൂപ വരെ കൈപ്പറ്റുകയായിരുന്നു. കമ്പനി വ്യാജമാണെന്നും നിരവധി പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നു ഹാർബർ എസ്.ഐ ടി.ജി. രാജേഷ് പറഞ്ഞു.