കുഴിത്തുറ: ഭർത്താവിനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റിൽ. നാഗർകോവിൽ, കോട്ടാർ ആഴ്വാർകോവിൽ തെരുവ് സ്വദേശി പഴനി ആശാരിയുടെ മകൻ അയ്യപ്പനെ (55) കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ കൃഷ്ണവേണിയെ കോട്ടാർ പൊലീസ് അറസ്റ്റു ചെയ്തത്. ഇവർക്ക് പൊന്നി, ശുഭ എന്നിങ്ങനെ രണ്ടു മക്കളുണ്ട്. അയ്യപ്പൻ മദ്യപിച്ച് വീട്ടിൽ വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. ബുധനാഴ്ച് രാത്രി മദ്യപിച്ച് വീട്ടിലെത്തി ഭാര്യയുമായി വഴക്കുണ്ടാക്കുകയും അത് കൈയ്യേറ്റത്തിൽ കലാശിക്കുകയുമായിരുന്നു. ഇതിനിടെ അയ്യപ്പൻ ഒരു കല്ലെടുത്ത് കൃഷ്ണവേണിയെ അടിക്കാൻ ശ്രമിക്കവെ കൃഷ്ണവേണി ആ കല്ല് പിടിച്ചു വാങ്ങി അയ്യപ്പന്റെ തലയിൽ അടിക്കുകയുമായിരുന്നു. അടിയേറ്റ അയ്യപ്പൻ തറയിൽ വീഴുകയും തുടർന്ന് പുലർച്ചെ 2ന് നോക്കിയപ്പോഴാണ് ഇയാൾ മരിച്ചതായി അറിയാൻ കഴിഞ്ഞത്. കൃഷ്ണവേണിയെ റിമാൻഡ് ചെയ്തു.