പാർലമെന്റ് പാസാക്കിയ പൗരത്വബിൽ വ്യാഴാഴ്ച രാത്രി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചതോടെ രാജ്യത്ത് നിയമമായിരിക്കുകയാണ്. അതിനെതിരെ പല ഭാഗങ്ങളിലും കോൺഗ്രസ് ഉൾപ്പെടെ പ്രതിപക്ഷ പാർട്ടികൾ പ്രക്ഷോഭത്തിലാണ്. പൗരത്വനിയമം പ്രത്യക്ഷത്തിൽ ബാധിക്കുന്ന അസാം ഉൾപ്പെടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രതിഷേധം അതിരൂക്ഷമാണ്. തീവയ്പും കല്ലേറും നിയമ നിഷേധവുമെല്ലാമായി അന്തരീക്ഷം സ്ഫോടനാത്മകമായിക്കഴിഞ്ഞു. എരിതീയിൽ എണ്ണ പകരാൻ തത്പര കക്ഷികൾ കച്ചകെട്ടി ഒപ്പം തന്നെ ഉള്ളതുകൊണ്ട് അങ്ങേയറ്റം സംഘർഷഭരിതമാണ് വടക്കുകിഴക്കൻ മേഖല. അസാമിൽ അക്രമാസക്തരായ പ്രക്ഷോഭകരെ നേരിടാൻ വ്യാഴാഴ്ച പൊലീസിന് വെടിവയ്ക്കേണ്ടിവന്നു. മൂന്നുപേർ മരിക്കുകയും ചെയ്തു. കൊള്ളിവയ്പ് വ്യാപകമായി നടക്കുകയാണ്. നിശാനിയമം ധിക്കരിച്ചുകൊണ്ട് പ്രക്ഷോഭകർ തെരുവിലിറങ്ങി അക്രമങ്ങളിലേർപ്പെടുന്നു. ക്രമസമാധാനം നിലനിറുത്താൻ സൈനികരെ രംഗത്തിറക്കിയിട്ടും ഉദ്ദേശിച്ച ഫലം കാണുന്നില്ല. ജനവികാരം ആളിക്കത്തിക്കാനുള്ള കുത്സിത ശ്രമം കൂടിയായപ്പോൾ കാര്യങ്ങൾ പിടിച്ചാൽ പിടികിട്ടാത്ത നിലയിലേക്ക് വഴുതിപ്പോകുമോ എന്ന ആശങ്ക പരക്കെയുണ്ട്.
പൗരത്വനിയമത്തിന്റെ കാര്യത്തിൽ ജനങ്ങൾക്കിടയിൽ വലിയ തെറ്റിദ്ധാരണ സൃഷ്ടിച്ച് അതിൽനിന്ന് രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ബോധപൂർവമായ ശ്രമമാണ് സ്ഥിതി ഇത്രയധികം വഷളാക്കിയത്. വസ്തുതകൾ അതിന്റെ ശരിയായ രൂപത്തിലും അർത്ഥത്തിലും കാണാൻ നിയമത്തെ എതിർക്കുന്നവർ ശ്രമിക്കുന്നില്ല. ആശങ്ക സൃഷ്ടിച്ച് മുതലെടുപ്പ് നടത്താനാണ് ഉത്തരവാദിത്വബോധം കാണിക്കേണ്ട മുഖ്യ രാഷ്ട്രീയ കക്ഷികൾ പോലും ശ്രമിക്കുന്നത്. ദേശീയ താത്പര്യങ്ങളാണ് വലിയ തോതിൽ ബലികഴിക്കപ്പെടുന്നത്.
പൗരത്വ ഭേദഗതി നിയമം ഭരണഘടനയുടെ അന്ത്യമാണെന്നും മതേതരത്വ സ്വഭാവം അപ്പാടെ ഒഴുകിപ്പോയെന്നും മറ്റുമാണ് വിമർശനം ഉയരുന്നത്. അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ബംഗ്ളാദേശ് എന്നീ മൂന്നു രാജ്യങ്ങളിൽ നിന്ന് പല കാരണത്താൽ ഇന്ത്യയിലെത്തുന്ന മുസ്ളിങ്ങൾ ഒഴികെ മറ്റു വിഭാഗത്തിൽപ്പെടുന്നവർക്ക് നിയമപരമായി പൗരത്വം അനുവദിക്കുന്നതിന് ഉദ്ദേശിച്ചുള്ള ഭേദഗതി നിയമമാണ് കൊണ്ടുവന്നിട്ടുള്ളത്. മുസ്ളിങ്ങളായ കുടിയേറ്റക്കാരെ ഇതിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടില്ല. എതിർപ്പിനും പ്രതിഷേധത്തിനും പ്രധാന കാരണം ഇതാണ്. ഈ നടപടി കടുത്ത വിവേചനമായും മതേതരത്വ സങ്കല്പത്തിന്റെ നഗ്നമായ ലംഘനമായും വിമർശകർ കരുതുന്നു. എന്നാൽ രാജ്യത്തെ 130 കോടിയിൽപ്പരം വരുന്ന പൗരന്മാരിൽ ഒരാൾക്കു പോലും ഭേദഗതി നിയമമനുസരിച്ച് ഒരു ദോഷവും വരുന്നില്ലെന്നതല്ലേ യാഥാർത്ഥ്യം. കുടിയേറ്റത്തിന്റെ മറവിൽ അയൽ രാജ്യങ്ങളിൽ നിന്ന് ആർക്കു വേണമെങ്കിലും യഥേഷ്ടം വരാമെന്ന നില വരുന്നത് രാജ്യസുരക്ഷയ്ക്കും ഭദ്രതയ്ക്കും എന്തുമാത്രം അപകടകരമാകുമെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ രാജ്യത്തെ ന്യൂനപക്ഷങ്ങൾ ഒരു തരത്തിലും ഭയപ്പെടേണ്ടതില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ പലവുരു വ്യക്തമാക്കിയതാണ്. അയൽരാജ്യങ്ങളിൽ കടുത്ത അവഗണനയും പീഡനങ്ങളും സഹിക്കാൻ കഴിയാതെ ഇന്ത്യയിലേക്കു കുടിയേറിയവർ എക്കാലവും അഭയാർത്ഥികളെപ്പോലെ ഇവിടെ കഴിയേണ്ടിവരുന്ന സ്ഥിതി ഒഴിവാക്കാൻ വേണ്ടിക്കൂടിയാണ് പൗരത്വ ഭേദഗതി നിയമം കൊണ്ടുവരേണ്ടി വന്നതെന്ന വിശദീകരണം ഉൾക്കൊള്ളാൻ മടിക്കുന്നവർ കാണും. യാഥാർത്ഥ്യങ്ങളെക്കാൾ രാഷ്ട്രീയവും മറ്റുമായ കാരണങ്ങളാകാം അതിനു പിന്നിൽ. അസാമിൽ പ്രക്ഷോഭം രൂക്ഷമാകാൻ കാരണം 2014 മാർച്ച് 31-നു മുമ്പു വരെ വന്ന അഭയാർത്ഥികൾക്ക് പുതിയ നിയമ പ്രകാരം പൗരത്വം ലഭിക്കുമെന്നതാണ്. 1985-ലെ അസാം കരാർ പ്രകാരം 1971 മാർച്ച് 24 വരെയുള്ള കുടിയേറ്റക്കാർക്കായിരുന്നു പൗരത്വത്തിനുള്ള അവകാശം. 2014 മാർച്ച് 31-ലേക്ക് കട്ട് ഒഫ് ഇയർ മാറ്റുന്നതോടെ ബംഗ്ളാദേശിൽ നിന്നെത്തിയ ലക്ഷക്കണക്കിനു പേർ അസാമിനു ഭാരമാകുമെന്ന ആശങ്കയിൽ നിന്നാണ് അവിടെ ജനം തെരുവിലിറങ്ങിയിരിക്കുന്നത്. തൊഴിൽ - സംസ്കാരം, സാമ്പത്തിക മേഖലകളിലെല്ലാം ഇതിന്റെ പ്രത്യാഘാതങ്ങളുണ്ടാകുമെന്നും അസാംകാർ ഭയപ്പെടുന്നു. മറ്റു വടക്കുകിഴക്കൻ സംസ്ഥാനങ്ങളും ചിന്തിക്കുന്നത് ഇപ്രകാരമാണ്. ഈ സംസ്ഥാനങ്ങൾക്കു ബാധകമായ പ്രത്യേക അവകാശങ്ങൾക്ക് കോട്ടമൊന്നുമുണ്ടാവുകയില്ലെന്ന് കേന്ദ്രസർക്കാർ അസന്ദിഗ്ദ്ധമായി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും വിരുദ്ധ പ്രചാരണങ്ങളിലാണ് ജനങ്ങൾ വീണുപോയത്.
വിശ്വസിക്കാൻ കൊള്ളാത്ത അയൽക്കാർ ചുറ്റുമുള്ളപ്പോൾ ഭിന്നാഭിപ്രായമുണ്ടാകാനിടയുള്ള ഏത് ആഭ്യന്തര പ്രശ്നവും ആളിക്കത്തിക്കാൻ ശ്രമമുണ്ടാകും. സ്വതന്ത്ര - പരമാധികാര രാജ്യമായ ഇന്ത്യയുടെ പാർലമെന്റ് അതിനു യുക്തമെന്നു തോന്നിയ പൗരത്വ ഭേദഗതി ബിൽ വൻ ഭൂരിപക്ഷത്തോടെ പാസാക്കിയപ്പോൾ അമേരിക്കയിൽ നിന്നു പോലും എതിർപ്പുയർന്നത് ശ്രദ്ധേയമാണ്. മെക്സിക്കോയിൽ നിന്നുള്ള കുടിയേറ്റം തടയാൻ അതിർത്തിയിൽ മതിൽകെട്ടി ഉയർത്താൻ ശ്രമിക്കുന്ന യു.എസ് ഭരണകൂടം പൗരത്വ ബില്ലിന്റെ പേരിൽ ഇന്ത്യയോടു കയർക്കുന്നത് രസാവഹമാണ്. ന്യൂനപക്ഷ വിഭാഗങ്ങളെ മൃഗീയമായി പീഡിപ്പിക്കുന്ന പാകിസ്ഥാന്റെ പ്രധാനമന്ത്രി ഇമ്രാൻഖാന്റെ കണ്ണിൽ ഇന്ത്യയുടെ പൗരത്വ ഭേദഗതി നിയമം കടുത്ത മനുഷ്യാവകാശ ലംഘനമാണ്. ഇന്ത്യ ജന്മം കൊടുത്ത ബംഗ്ളാദേശും അവസരം ലഭിച്ചപ്പോൾ തിരിഞ്ഞുകുത്താൻ തന്നെയാണ് ഒരുങ്ങുന്നത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോൺഗ്രസ് ഉൾപ്പെടെയുള്ള പലരും സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. നല്ല കാര്യം. നിയമത്തിന്റെ ഭരണഘടനാ സാധുത ഉറപ്പാക്കാൻ പരമോന്നത കോടതിക്കാണല്ലോ അധികാരം. ഭരണഘടനാ ബെഞ്ച് പ്രശ്നത്തിൽ തീരുമാനമെടുക്കുന്നതുവരെ നാടിനെ കുട്ടിച്ചോറാക്കുന്ന പ്രതിഷേധ കലാപങ്ങൾ നിറുത്തിവയ്ക്കാനുള്ള ഔചിത്യം കൂടി കാണിക്കണം.