mis-kerala

തിരുവനന്തപുരം : എറണാകുളത്ത് നടന്ന മിസ് കേരള മത്സരത്തിൽ മലയാളത്തിന്റെ സൗന്ദര്യ റാണിയായി തിരഞ്ഞെടുക്കപ്പെട്ട ആൻസി കബീർ മനസ് തുറക്കുന്നു. തന്റെ സ്വപ്നങ്ങളും ഫാഷൻ രംഗത്തേക്ക് വന്ന വഴിയുമാണ് മിസ് കേരളയായ ആൻസി പങ്കുവയ്ക്കുന്നത്. ഇൻഫോസിസിലെ സിസ്റ്റം എൻജിനീയറായ ആൻസി കബീർ തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയായ അബ്ദുൾ കബീറിന്റെയും റസീന ബീവിയുടെയും മകളാണ്.

ഒടുവിൽ ആ കിരീടം ചൂടി

അപേക്ഷിച്ച അഞ്ഞൂറ് പേരിൽ നിന്ന് ഡിജിറ്റൽ ഓഡീഷൻ നടത്തിയാണ് മുന്നൂറ് പേരെ തിരഞ്ഞെടുത്തത്. പരമ്പരാഗത വേഷവും വെസ്റ്റേൺ വേഷവുമണിഞ്ഞ ചിത്രം നമ്മൾ ഇൻസ്റ്റഗ്രാമിലോ ടിക്ക് ടോക്കിലോ അപ്‌ലോഡ് ചെയണം. ഇനർവോയ്സ്, ഇൻട്രൊഡക്ഷൻ റൗണ്ട്,ടാലന്റ് റൗണ്ട്, ഒൗട്ട് ഫിറ്റ് റൗണ്ട്, ഫിറ്റ്നസ് റൗണ്ട്, ഫോട്ടോ ചലഞ്ച് എന്നിങ്ങനെ ആറ് റൗണ്ടുകളായിരുന്നു. ചോദ്യോത്തരവേളയായിരുന്നു ഫൈനൽ സെക്ഷനിലെ ആദ്യ റൗണ്ട്. രണ്ടാം റൗണ്ടിൽ ഗൗണും മൂന്നാം റൗണ്ടിൽ സാരിയുമണിഞ്ഞ് റാംബിലൂടെ നടന്നു. മിസ് കേരളയായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. അവസാന മൂന്നിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കിരീടം ചൂടുമെന്ന് പ്രതീക്ഷിച്ചില്ല. കാരണം മിസ് മലബാർ ഉൾപ്പടെ നിരവധി ബ്യൂട്ടി കോൺണ്ടസ്റ്റുകളിൽ അവസാന നിമിഷമാണ് കിരീടം വഴുതി പോയത്. എനിക്ക് റോൾ മേഡലുകളാരുമില്ല. എല്ലാവരും യുണീക്കാണ് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. അവസാന റൗണ്ടിലെത്തിയ ഇരുപത്തി രണ്ട് പേരും വിജയികളാണ്. യാതൊരു ഈഗോയും ഇല്ലായിരുന്നു. അവസാന റൗണ്ടിൽ സ്റ്റേജിൽ നിന്നപ്പോഴാണ് കോമ്പറ്റീഷൻ അനുഭവപ്പെട്ടത്. സാധാരണ കമ്പനിയിൽ നിന്ന് അധിക ദിവസം ലീവ് കിട്ടാറുള്ളതല്ല. എനിക്ക് അഞ്ച് ദിവസത്തെ ലീവ് ആവശ്യമായിരുന്നു. മിസ് കേരള മത്സരത്തിന് പോകുന്നുവെന്ന് പറയാൻ എനിക്ക് താത്പര്യമില്ലായിരുന്നു. ഒടുവിൽ ഓഡീഷന്റെ വിവരം ഞാൻ പറഞ്ഞപ്പോൾ ധൈര്യമായി പോകൂ ബാക്കി കാര്യം ഞങ്ങൾ നോക്കി കൊള്ളാമെന്നാണ് പ്രോജക്ട് മാനേജർ പറഞ്ഞത്. പ്ലസ്ടൂ വരെ ഡോക്ടറാകണമെന്ന് മോഹിച്ച് ക്ലാസിൽ മുൻ ബെഞ്ചിലിരുന്ന് പഠിക്കുന്ന ഒരു പഠിപ്പിസ്റ്റ് ആയിരുന്നു ഞാൻ. ബി.ടെക്കിനായി മരിയൻ എൻജിനീയറിംഗ് കോളേജിൽ ചേർന്നതോടെയാണ് ഞാൻ മാറി ചിന്തിക്കാൻ തുടങ്ങിയത്. കോളേജിലെ ഫാഷൻ ടീമിലെ അംഗമായിരുന്നു. അവിടെ നിന്ന് ലഭിച്ച അഭിനന്ദനങ്ങളും അവസരങ്ങളുമാണ് എന്നെ ഇവിടെയെത്തിച്ചത്.

റാമ്പിൽ ആത്മവിശ്വാസത്തോടെ..

ഫിസിക്കൽ ഓഡീഷനിൽ ഒരുപാട് ചോദ്യങ്ങളാണ് നേരിടേണ്ടി വന്നത്. മിസ് കേരളയായി തിരഞ്ഞെടുക്കപ്പെട്ടാൽ നമുക്ക് ഒരുപാട് പ്ളാറ്റ്ഫോമുകൾ ലഭിക്കും. അത് മറ്റുള്ളവരിൽ എങ്ങനെ സ്വാധീനം ചെലുത്തുമെന്നായിരുന്നു ആദ്യ ചോദ്യം. സമൂഹത്തെ മുഴുവനായി സ്വാധീനിക്കാൻ എന്നെക്കൊണ്ട് സാധിക്കുമെന്ന് ഞാൻ കരുതുന്നില്ല. എന്നാൽ ഞാൻ സ്ഥിരം കാണുന്ന സമൂഹത്തെ എനിക്ക് സ്വാധീനിക്കാനാകും. ഒരു യാഥാസ്ഥിതിക മുസ്ളീം കുടുംബത്തിലാണ് ഞാൻ ജനിച്ചത്. വീടിന്റെ പുറത്തിറങ്ങാത്ത ഒരുപാട് പെൺകുട്ടികൾ അവിടെയുണ്ട്. ഫുൾ സ്ലീവ് വസ്ത്രം ധരിക്കുന്നതല്ല ഫാഷനെന്ന് അവർ മനസിലാക്കണം. ആ ആത്മവിശ്വാസത്തോടെയാണ് ഞാൻ റാമ്പിൽ നടന്നത്. എന്റെ പരിധിക്കുള്ളിൽ നിന്നാണ് ഞാൻ ഈ വിജയം നേടിയത്.

കുടുംബത്തിന്റെ ഇഷ്ടം എന്റേതും

ഫാമിലി മുന്നോട്ട് വയ്ക്കുന്ന ലിമിറ്റേഷൻസ് ഞാൻ നല്ല പോലെ ആസ്വദിക്കാറുണ്ട്. ആ ലിമിറ്റേഷനുള്ളിൽ നിന്ന് എന്റെ ആഗ്രഹങ്ങൾ സഫലമാക്കാനാണ് എനിക്ക് ഇഷ്ടം. ഞാൻ പരിധി വിട്ട് പോകില്ലെന്ന വിശ്വാസം വീട്ടുകാർക്ക് നന്നായുണ്ട്. നാട്ടുകാർ എന്ത് പറയുന്നുവെന്ന് എനിക്കറിയില്ല.അഥവാ എന്തെങ്കിലും പറഞ്ഞാലും ഞാൻ മുഖവിലയ്ക്കെടുക്കില്ല. കാരണം ഞാൻ എന്താണെന്ന് എനിക്ക് നന്നായറിയാം. നമ്മൾ എവിടെ നിൽക്കണമെന്ന് നമ്മളാണ് തീരുമാനിക്കേണ്ടത്. സ്വകാര്യതയ്ക്ക് പരിധി കൽപ്പിക്കേണ്ടതും നമ്മളാണ്. ഫാഷൻ രംഗത്ത് സൗഹൃദങ്ങൾ വലിയ തോതിലാണ് മിസ് യൂസ് ചെയപ്പെടുന്നത്. അത്തരത്തിലുള്ള ഒരുപാട് പേർ ഈ ഫീൽഡിലുണ്ട്. എനിക്കത് പറ്റില്ലെന്ന് തുറന്നു പറയാനാണ് പഠിക്കേണ്ടത്. എനിക്ക് അത്തരം അനുഭവങ്ങൾ നേരിടേണ്ടി വന്നപ്പോഴൊക്കെ ആ രീതിയിലാണ് ഞാൻ പെരുമാറിയത്. വസ്ത്രങ്ങളുടെ കാര്യത്തിലും ജാഗ്രതയോടെയാണ് ഇടപെടുന്നത്. ഡിസൈനർ ഷൂട്ടിൽ അവർ നൽകുന്ന വസ്ത്രങ്ങളെ ധരിക്കാനാകൂ. ഇഷ്ടമല്ലാത്ത വസ്ത്രങ്ങളാണെങ്കിൽ ആ ഷൂട്ട് തന്നെ നിരസിക്കുകയാണ് ഞാൻ ചെയ്യുന്നത്. എന്നാൽ സ്റ്റേജ് ഇവന്റ്സിൽ ഇഷ്ടപ്പെടാത്ത വസ്ത്രങ്ങളാണെങ്കിൽ അത് മാറ്റിയെടുക്കാം.

സിനിമയിലും ഒരു കൈ നോക്കണം

എല്ലാം എക്സ്പീരിയൻസ് ചെയ്യണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. റാംബ് അത്തരത്തിലൊരു സ്വപ്നമായിരുന്നു. ഒരു സിനിമയിലെങ്കിലും അഭിനയിക്കണമെന്ന ആഗ്രഹം എനിക്കുണ്ട്. നല്ല ഓഫറുകൾ കിട്ടിയാൽ സ്വീകരിക്കും. പ്രധാന വേഷം വേണമെന്ന വാശിയൊന്നുമില്ല. കുഞ്ഞു വേഷമായാലും മതി. പക്ഷേ എന്നും ഒാർത്തുവയ്ക്കാൻ പറ്റുന്ന ഒറു റോളായിരിക്കണം.

എന്തും കഴിക്കും..

ഭക്ഷണക്രമത്തിൽ ഡയറ്റിംഗൊന്നുമില്ല. എല്ലാ ഫുഡും ഞാൻ ആസ്വദിച്ച് കഴിക്കും. ഗ്രൂമിംഗ് സെക്ഷനിൽ അഞ്ച് നേരം ആഹാരമുണ്ടായിരുന്നു. അതും ഞാൻ നല്ല പോലെ കഴിച്ചു. ഫുഡിന് വേണ്ടിയാണല്ലോ നമ്മൾ ജീവിക്കുന്നത്..