വെഞ്ഞാറമൂട്: മഹാത്മാഗാന്ധിയുടെ ദർശനങ്ങളുടെ അടിസ്ഥാനത്തിലാണ് നരേന്ദ്രമോഡി സർക്കാർ ഓരോ പദ്ധതികളും ആവിഷ്കരിക്കുന്നതെന്ന് ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ അഭിപ്രായപ്പെട്ടു. മനസിൽ ബാപ്പുജിയുമായി പുതിയ ഭാരതത്തിലേയ്ക്ക് എന്ന സന്ദേശമുയർത്തി ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ.എ ബാഹുലേയൻ നയിച്ച ഗാന്ധിയൻ സങ്കല്പ യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി വാമനപുരം മണ്ഡലം പ്രസിഡന്റ് വെള്ളയംദേശം അനിൽ അദ്ധ്യക്ഷനായിരുന്നു.കെ.എ. ബാഹുലേയൻ, എസ്.ആർ.രജികുമാർ, സ്വാതന്ത്ര്യ സമര സേനാനി ചെറ്റച്ചൽ ശേഖർ, മലയൻകീഴ് രാധാകൃഷ്ണൻ , വേറ്റിനാട് മുരളി, കല്ലിയോട് രാമചന്ദ്രൻ ,എരിത്താവുർ ചന്ദ്രൻ ,എൽ.ജി. ബീന, ദിവ്യ, നന്ദിയോട് സതീശൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ സ്വാതന്ത്ര്യ സമര സേനാനി ചെറ്റച്ചൽ ശേഖറെ കുമ്മനം രാജശേഖരൻ പൊന്നാട അണിയിച്ച് ആദരിച്ചു. വാമനപുരം ജംഗ്ഷനിൽ നിന്നും ആരംഭിച്ച് വെഞ്ഞാറമൂട് ജംഗ്ഷനിൽ സമാപിച്ച ഗാന്ധിയൻ സങ്കല്പ യാത്രയിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു.