1

തിരുവനന്തപുരം: കെടുകാര്യസ്ഥതയും ധൂർത്തും അഴിമതിയും മോശം ധനമാനേജ്മെന്റുമാണ് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന് യു.ഡി.എഫിന്റെ ധവളപത്രം.

പെട്രോളിയം വിലവർദ്ധനവിലൂടെ ലഭിച്ച അധിക നികുതിയടക്കം അനുകൂല സാഹചര്യങ്ങളേറെയുണ്ടായിട്ടും വിഭവസമാഹരണത്തിൽ നികുതി വകുപ്പിന് ഗുരുതരമായ പാളിച്ചകൾ സംഭവിച്ചെന്ന് വി.ഡി. സതീശൻ എം.എൽ.എ കൺവീനറായ യു.ഡി.എഫ് ഉപസമിതി തയ്യാറാക്കിയ ധവളപത്രത്തിൽ ആരോപിച്ചു. വരുമാനമില്ലായ്മക്കൊപ്പം അനാവശ്യചെലവും ധൂർത്തും സാമ്പത്തികനില തകർത്തു.

പൊതുവില്പന നികുതി, മൂല്യവർദ്ധിത നികുതി കുടിശ്ശിക പിരിച്ചെടുക്കേണ്ട നാല്പതിനായിരം ഫയലുകളിൽ നികുതി നിർണ്ണയം പോലും പൂർത്തിയാക്കിയിട്ടില്ല. നികുതി, റവന്യു വകുപ്പുകൾ തമ്മിൽ ഫലപ്രദമായ ഏകോപനമില്ല. റവന്യൂ റിക്കവറി നടത്തി പിടിച്ചെടുക്കാനുള്ള കുടിശ്ശിക 7548 കോടിയാണ്. സംസ്ഥാന ചരക്കുസേവന നികുതിവകുപ്പിൽ ഇക്കഴിഞ്ഞ മാർച്ച് 31ലെ കണക്കനുസരിച്ച് മാത്രം 13305കോടി കുടിശ്ശികയിനത്തിൽ പിരിച്ചെടുക്കാനുണ്ട്. വാറ്റിൽ 5000കോടി പിരിക്കാനുണ്ട്. 2017 ജൂലായ് ഒന്ന് മുതൽ ജി.എസ്.ടി നിയമപ്രകാരം സംസ്ഥാനത്തെ ചെക്പോസ്റ്റുകളെല്ലാം തുറന്നുകൊടുത്തു. ഇതോടെ ഉയർന്ന നികുതിയുള്ള ചരക്കുകൾ ഇതരസംസ്ഥാനങ്ങളിൽ നിന്ന് നിയമവിരുദ്ധമായി കൊണ്ടുവന്ന് പലരും ഇവിടെ വിറ്റഴിച്ചു. ഇത് സർക്കാരിന്റെ നികുതിവരുമാനത്തിൽ ഭീമമായ ചോർച്ച വരുത്തി..

സംസ്ഥാനചരിത്രത്തിൽ ആദ്യമായാണ് സർക്കാരിന്റെ ധനസ്ഥിതിയെപ്പറ്റി പ്രതിപക്ഷം ധവളപത്രമിറക്കുന്നത്. നികുതിവകുപ്പിനെതിരെ രൂക്ഷവിമർശനമുന്നയിക്കുന്ന ധവളപത്രം പ്രതിസന്ധി പരിഹരിക്കാനുള്ള നിർദ്ദേശങ്ങളും മുന്നോട്ടുവയ്ക്കുന്നു. കന്റോൺമെന്റ്ഹൗസിൽ കോൺഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് കെ.സി. ജോസഫിന് കൈമാറി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ധവളപത്രം പുറത്തിറക്കി. വി.ഡി. സതീശനും ഉപസമിതി അംഗം കെ.എസ്. ശബരിനാഥൻ എം.എൽ.എയും പങ്കെടുത്തു.

ചരിത്രത്തിലിന്നുവരെ ഇല്ലാത്ത ധനപ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്ന് പോകുന്നതെന്നും വികസനപ്രവർത്തനങ്ങൾ സ്തംഭിച്ചെന്നും രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു. ധനവകുപ്പിന് മീതേ അദൃശ്യനിയന്ത്രണമുണ്ടെന്നും അതിനെ ധനമന്ത്രി തോമസ് ഐസക് ഭയപ്പെടുകയാണെന്നും വി.ഡി. സതീശൻ പറഞ്ഞു.