തിരുവനന്തപുരം: കണ്ണമ്മൂലയിൽ വീടിന് തീപിടിച്ച് ഉപകരണങ്ങൾ കത്തിനശിച്ചു. കണ്ണമ്മൂല കളവരമ്പിൽ ഷൈലയുടെ വീടിനാണ് ഇന്നലെ രാവിലെ 10 ഓടെ തീ പിടിച്ചത്. ഷൈലയും മകനും ജോലിക്ക് പോയിരിക്കുകയായിരുന്നു. തീ കത്തുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ചാക്ക,​ ചെങ്കൽച്ചൂള എന്നിവിടങ്ങളിൽ നിന്നും മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഏകദേശം ഒന്നര ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ഫയർഫോഴ്സ് അധികൃതർ പറഞ്ഞു.