തിരുവനന്തപുരം : 1999ലെ കെട്ടിടനിർമ്മാണ നിയമം പൊളിച്ചെഴുതി സർക്കാർ തയാറാക്കിയ പുതിയ ചട്ടം പാവപ്പെട്ടവന് ചാട്ടവാറടിയായി. ചെറിയ പ്ലോട്ടിൽ നിർമ്മിക്കുന്ന കെട്ടിടത്തിന്റെ മുൻവശവും റോഡും തമ്മിൽ നേരത്തേ രണ്ട് മീറ്റർ അകലം മതിയായിരുന്നു.
നവംബർ 8ന് നിലവിൽ വന്ന പുതിയ ചട്ടപ്രകാരം അത് മൂന്ന് മീറ്ററാക്കി. ഇതോടെ ഒന്നു മുതൽ മൂന്നു സെന്റിൽ വരെ വീടുവയ്‌ക്കുന്നവർ വലയും.
ചെറിയ പ്ലോട്ടുകളിലെ കെട്ടിട നിർമ്മാണത്തിന് പഴയചട്ടത്തിൽ റൂൾ 62പ്രകാരം പ്രത്യേക പരിഗണ നൽകിയിരുന്നു. പുതിയ നിയമത്തിൽ അത് പാടെ ഒഴിവാക്കി. ഇതോടെ ഒരു മുറിയുള്ള വീട് പണിയുന്നവനും ബഹുനില മാളിക പണിയുന്നവനും ഒരേ നിയമം പാലിക്കണം. വിശാലമായ സ്ഥലത്ത് നിർമ്മിക്കുന്ന ബഹുനിലമാളികയ്‌ക്കും റോഡിൽ നിന്ന് മൂന്നു മീറ്റർ അകലം മതി.
പഴയ ചട്ടപ്രകാരം മുൻവശത്ത് ഒരു മീറ്റർ മാത്രമാണ് ഉള്ളതെങ്കിൽ വസ്തുവിന്റെ മറ്റേതെന്തിലും വശത്ത് അധികമായി തുറസായ സ്ഥലം ഉണ്ടെങ്കിൽ ശരാശരി അകലം കണക്കാക്കി നിർമ്മാണ അനുമതി നൽകുമായിരുന്നു. ഇനി ശരാശരി കണക്കാക്കാൻ പാടില്ല. മുന്നിൽ മൂന്ന് മീറ്റർ ഇല്ലെങ്കിൽ അനുമതി നൽകില്ലെന്നാണ് പുതിയ ചട്ടം.
വസ്തു സമചതുരത്തിലാണെങ്കിൽ റോഡിൽ നിന്ന് മൂന്നു മീറ്റർ വിടുന്നത് ബുദ്ധിമുട്ടാകില്ല. എന്നാൽ ഭൂരിഭാഗം ചെറിയ പ്ലോട്ടുകളും സമചതുരത്തിലല്ല. സർക്കാരിന്റെ ധനസഹായത്തോടെ വീടുവയക്കുന്നവരെയും പുതിയ നിയമം ദുരിതത്തിലാക്കും.
പഴയ ചട്ടപ്രകാരം 2000 മാർച്ച് 19ന് മുമ്പ് നിർമ്മിച്ച കെട്ടിടങ്ങളുടെ മുകളിൽ മറ്റൊരു നില പണിയാനും മേൽക്കൂര മാറ്റാനും എല്ലാവശങ്ങളിലും 60സെ.മീ മതിയായിരുന്നു. പുതിയ റൂൾ 23 പ്രകാരം പഴയകെട്ടിടങ്ങൾക്കും മുൻവശത്ത് മൂന്ന് മീറ്റർ വേണം. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന തെരുവുകളിലെ വീടുകളുടെ നിർമ്മാണവും പ്രതിസന്ധിയിലാകും. ഇവിടങ്ങളിൽ മേൽക്കൂര മാറ്റാനോ മറ്റൊരു നിലപണിയാണോ കഴിയാത്ത സ്ഥിതിയാണ്.
തദ്ദേശസ്വയം ഭരണ വകുപ്പാണ് ചട്ടം മാറ്റിയത്.
പരിഹാരം വേണം
പുതിയ ചട്ടം നിർമ്മാണങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ഫ്ലാറ്റ് നിർമ്മാതാക്കൾ രംഗത്തെത്തിയതോടെ ചട്ടം പുനഃപരിശോധിക്കാൻ സർക്കാർ തീരുമാനിച്ചു. ഫ്ളാറ്റ്‌നിർമ്മാതാക്കളുടെ പരാതി പരിഹരിച്ചുള്ള പുതിയ നിയമം ഉടൻ പുറത്തിറക്കും. ഇതോടൊപ്പം ചെറിയ പ്ലോട്ടിൽ വീടു നിർമ്മിക്കുന്ന സാധാരണക്കാരുടെ പ്രശ്‌നങ്ങളും പരിഹരിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
മൂന്നു സെന്റിനുള്ളിൽ വീടുവയ്ക്കുന്നവർ മൂന്നു മീറ്റർ അകലം പാലിക്കണമെന്ന നിർദേശം കർശനമാക്കുന്നത് സാധാണക്കാരനെ ബുദ്ധിമുട്ടിലാക്കും. മുൻകാലങ്ങളിൽ കെട്ടിടനിർമ്മാണ ചട്ടത്തിൽ പാവപ്പെട്ടവന് ഇളവ് നൽകിയിരുന്നു. എന്നാൽ വികസന കാഴ്‌ചപ്പാടിൽ മാത്രം നോക്കുമ്പോൾ അകലം പാലിക്കണമെന്ന നിർദ്ദേശത്തിൽ തെറ്റില്ല.
- ജെയിംസ് വർഗീസ്
മുൻ പ്രിൻസിപ്പൽ സെക്രട്ടറി
തദ്ദേശ സ്വയംഭരണ വകുപ്പ്
മുൻപ്
ചെറിയ പ്ളോട്ടുകളിൽ കെട്ടിടത്തിന്റെ മുൻഭാഗവും റോഡുമായി 2 മീറ്റർ അകലം
റൂൾ 62 പ്രകാരം ചെറിയ പ്ളോട്ടുകളുടെ നിർമിതിക്ക് പ്രത്യേക പരിഗണന
മുൻവശത്ത് ഒരു മീറ്റർ സ്ഥലമേ ഉള്ളുവെങ്കിലും, മറ്റു വശങ്ങളിൽ അധിക സ്ഥലം മതി
ചുറ്റുമുള്ള തുറസായ സ്ഥലത്തിന്റെ ശരാശരി കണക്കാക്കി അനുമതി ലഭിക്കും
ഇപ്പോൾ
ചെറിയ പ്ളോട്ടുകളിൽ ഉൾപ്പെടെ എല്ലാ നിർമ്മിതികൾക്കും റോഡിൽ നിന്ന് 3 മീറ്റർ അകലം
ചെറിയ പ്ളോട്ടുകൾക്ക് പ്രത്യേക പരിഗണന ഇല്ല
ഒറ്റമുറി വീടിനും ബഹുനില മന്ദിരത്തിനും ഒരേ നിയമം
മൂന്നു സെന്റ് വരെയുള്ള പുരയിടത്തിൽ കെട്ടിട നിർമ്മിതിക്ക് അനുമതി ലഭിക്കില്ല