മുടപുരം: പ്രാരാബ്ധങ്ങൾക്കും ജീവിത പ്രതിസന്ധികൾക്കിടയിലും കലയുടെ വെളിച്ചം കൈവിടാതെ മുന്നേറിയ ഈ കുരുന്ന് പ്രതിഭ തുടർ പഠനത്തിന് സാമ്പത്തികമില്ലാതെ ബുദ്ധിമുട്ടുകയാണ്. സംസ്ഥാന സ് കൂൾ കലോത്സവത്തിൽ നടനകലയിൽ എ ഗ്രേഡ് കരസ്ഥമാക്കിയ താരമാണ് അനൂപ്
കിഴുവിലം ഗ്രാമപഞ്ചായത്തിലെ മുടപുരം ചരുവിള വീട്ടിൽ ശോഭന - മുരളി ദമ്പതികളുടെ മകനാണ്. കടയ്ക്കാവൂർ എസ്.എസ്.പി.ബി.എച്ച്.എസിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ അനൂപ് ഭരതനാട്യം, കുച്ചിപ്പുടി, കേരള നടനം എന്നിവയിലാണ് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത്.
കാസർകോട് കാഞ്ഞങ്ങാട് നടന്ന സംസ്ഥാന തല മത്സരത്തിൽ ഭരതനാട്യത്തിലും, കുച്ചിപ്പുടിയിലും അനൂപിന് എ ഗ്രേഡായിരുന്നു. നിർഭാഗ്യവശാൽ കേരള നടനത്തിന്റെ റിസൾട്ട് ഇനിയും അറിയാനായില്ല. കലോത്സവ വേദിയിൽ ഉച്ചയ്ക്ക് 12ന് തുടങ്ങേണ്ടിയിരുന്ന മത്സരം വൈകിട്ട് അഞ്ചരയ്ക്കാണ് ആരംഭിച്ചത്. അസുഖം മൂലം അടുത്തിടെ ശസ്ത്രക്രിയക്ക് വിധേയമായ അനൂപിന് ഏറെ നേരം കാത്തുനിൽക്കാനായില്ല. ജലപാനമില്ലാതെ തുടർന്നതിനാൽ നടനത്തിനിടെ ദേഹാസ്വാസ്ഥ്യം മൂലം വേദിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. അനൂപ് ഇപ്പോഴും ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്.
നിത്യവൃത്തിക്ക് പോലും വകയില്ലാതെ സാമ്പത്തിക പിന്നാക്കാവസ്ഥയിൽ തുടരുന്ന കുടുംബത്തിലെ ഇളയമകനാണ് അനൂപ്. ഹൃദ്രോഗിയായ പിതാവ് മുരളി ബൈപ്പാസ് സർജറി കഴിഞ്ഞ് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. മാതാവ് ശോഭന ദിവസവേതന അടിസ്ഥാനത്തിൽ ഒരു സ്വകാര്യ ബേക്കറിയിൽ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്യുകയാണ്. ഭർത്താവിന്റെ ചികിത്സയ്ക്കായി വാങ്ങിയ തുക ഈ കുടുംബത്തിനെ കടക്കെണിയിലാക്കി. കലോത്സവത്തിനായുള്ള ചെലവിനായി ഭീമമായ തുകയാണ് വേണ്ടിവന്നത്. എന്നാൽ ശോഭനയുടെ സുഹൃത്തുക്കളുടെ കൂട്ടായ്മയിലെ അഴൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ 1989 ബാച്ചിലെ സുഹൃത്തുക്കൾ സഹായിക്കുകയായിരുന്നു.
ശാസ്തവട്ടം തത്വമസി അക്കാഡമിയിൽ ഐവിൻ ജോണിന്റെ ശിക്ഷണത്തിൽ സൗജന്യമായാണ് അനൂപ് ശാസ്ത്രീയ നടനം പരിശീലിക്കുന്നത്. പഠനത്തിനും, ഉപരിപഠനത്തിനുമൊപ്പം നടനകലയിൽ ശാസ്ത്രീയാഭ്യാസം തുടരാനാണ് ഈ കൊച്ചുമിടുക്കന്റെ ആഗ്രഹം. പക്ഷേ സന്മനസുള്ള കലാസ്നേഹികൾ സഹായിച്ചാൽ മാത്രമേ ഈ കലാകാരന് ഉയരങ്ങൾ കീഴടക്കാനാകൂ. സഹായിക്കാൻ താത്പര്യമുള്ളവർ ബന്ധപ്പെടേണ്ട ഫോൺ: 9645088642.