award

തിരുവനന്തപുരം : സമൂഹത്തിൽ ശബ്ദമുയർത്താൻ കഴിയാത്തവരുടെ ശബ്ദമാണ് മാദ്ധ്യമപ്രവർത്തകരുടെ തൂലികയെന്ന് ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ പറഞ്ഞു. കേരള മീഡിയ അക്കാഡമിയുടെ മാദ്ധ്യമ അവാർഡുകൾ തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്വതന്ത്രമായ മാദ്ധ്യമലോകമാണ് ജീവസുള്ള ജനാധിപത്യത്തിന്റെ അടയാളം. മാദ്ധ്യമപ്രവർത്തകർ സാമൂഹ്യ ഉത്തരവാദിത്വം തിരിച്ചറിഞ്ഞു പ്രവർത്തിക്കണം.

മാദ്ധ്യമം എന്നതിന്റെ രൂപവും നിർവചനവും കാലാനുസൃതമായി മാറിക്കൊണ്ടിരിക്കും. എന്നാൽ വിശ്വാസ്യത, മൂല്യങ്ങൾ, സാമൂഹ്യ ഉത്തരവാദിത്വം എന്നിവ കാത്തുസൂക്ഷിക്കാനാവണം. സാമൂഹ്യമാദ്ധ്യമങ്ങൾ സാധാരണക്കാർക്ക് അവരുടെ അഭിപ്രായങ്ങൾ ഉയർത്താനുള്ള വേദിയാണ്. ഇത്തരം അഭിപ്രായങ്ങളിൽനിന്ന് വിശ്വാസ്യതയുള്ള വാർത്തകൾ തിരിച്ചറിയേണ്ടതും അർപ്പണ മനോഭാവമുള്ള മാദ്ധ്യമപ്രവർത്തകരുടെ കടമയാണെന്ന് ഗവർണർ ഓർമ്മിപ്പിച്ചു.

ചൊവ്വര പരമേശ്വരൻ അവാർഡ് കെ. സുജിത്തും (മംഗളം), വി. കരുണാകരൻ നമ്പ്യാർ അവാർഡ് മാദ്ധ്യമത്തിലെ വി.എം. ഇബ്രാഹിമിനുവേണ്ടി ഇ. ബഷീറും, എൻ.എൻ. സത്യവ്രതൻ അവാർഡ് ഷാജൻ സി. മാത്യുവും (മലയാള മനോരമ), പ്രാദേശിക പത്രപ്രവർത്തകനുള്ള ഡോ. മൂർക്കന്നൂർ നാരായണൻ അവാർഡ് കെ.വി. രാജശേഖരനും (മാതൃഭൂമി), ന്യൂസ് ഫോട്ടോഗ്രാഫിക്കുള്ള അവാർഡ് എം.ടി. വിധുരാജും (മലയാള മനോരമ), ദൃശ്യമാദ്ധ്യമപ്രവർത്തനത്തിനുള്ള അവാർഡ് എ.എ. ശ്യാംകുമാറും (ഏഷ്യാനെറ്റ് ന്യൂസ്) ഏറ്റുവാങ്ങി. മികച്ച കലാലയ മാഗസീനുകൾക്കുള്ള പുരസ്‌കാരങ്ങളും, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ ഫോട്ടോ ജേർണലിസം ഡിപ്ലോമ കോഴ്സ് രണ്ടാം ബാച്ചിലെ വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റുകളും ഗവർണർ വിതരണം ചെയ്തു.

മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ്. ബാബു അദ്ധ്യക്ഷത വഹിച്ചു. വി.കെ. പ്രശാന്ത് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി.

കേരളകൗമുദി ചീഫ് എഡിറ്ററും മീഡിയ അക്കാഡമി വൈസ് ചെയർമാനുമായ ദീപു രവി ഗവർണർക്കുള്ള ഉപഹാരം സമർപ്പിച്ചു. മുൻ ചെയർമാൻ തോമസ് ജേക്കബ്, ജനറൽ കൗൺസിൽ അംഗം സരസ്വതി നാഗരാജൻ എന്നിവരും സംസാരിച്ചു. അക്കാഡമി സെക്രട്ടറി ടി.സി. ചന്ദ്രഹാസൻ സ്വാഗതവും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ ഡയറക്ടർ ഡോ: എം. ശങ്കർ നന്ദിയും പറഞ്ഞു.