നെയ്യാറ്റിൻകര:ആശുപത്രി ജംഗ്ഷന് സമീപം മെഡിക്കൽ സ്റ്റോറിൽ മരുന്നുവാങ്ങാനെന്ന വ്യാജേന എത്തി ഉടമയുടെ മൊബൈൽ ഫോൺ കവർന്ന മോഷ്ടാവ് പിടിയിൽ. വെങ്ങാനൂർ സിസിലിപുരം പുത്തൻവിള വീട്ടിൽ സതീഷ് എന്ന രതീഷ് (37) ആണ് പിടിയിലായത്. ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.ബോയ്സ് സ്‌കൂളിന് എതിർവശത്തെ കണ്ണൻ മെഡിക്കൽസ് ഉടമ മോഹന്റെ മൊബൈൽ ഫോണാണ് കവർന്നത്. കടയിലെ സി.സി.ടിവി. ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഉച്ചയോടെ കടയിലെത്തി മരുന്നിന്റെ കുറിപ്പടി നൽകി. മരുന്നെടുക്കുന്നതിനിടെ മേശപ്പുറത്തുണ്ടായിരുന്ന മൊബൈൽ ഫോൺ കവർന്ന ശേഷം രക്ഷപ്പെടുകയായിരുന്നു. നെയ്യാറ്റിൻകര സി.ഐ പ്രമോദ്കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് മൊബൈൽ ഫോൺ കണ്ടെടുത്തു. ഇയാളെ റിമാൻഡ് ചെയ്തു.