കുഴിത്തുറ:വൃശ്ചിക മാസത്തിലെ അവസാനത്തെ വെള്ളിയാഴ്ചയായ ഇന്നലെ വേളിമല കുമാരസ്വാമിക്ക് അഭിഷേക ദ്രവ്യങ്ങളുമായി നിരനിരയായി എത്തിയ നേർച്ച കാവടികൾ തക്കല പ്രദേശത്തെ ഭക്തി സാന്ദ്രമാക്കി.പറക്കുംക്കാവടി,അന്നക്കാവടി,സൂര്യക്കാവടി,സർപ്പക്കാവടി,മയിൽക്കാവടി തുടങ്ങിയവയാണ് ഘോഷയാത്രയായി ക്ഷേത്രത്തിലെത്തിയത്.പാൽക്കാവടിയുമായി കാൽനടയായും ഭക്തരെത്തി.ആനപ്പുറത്തും അഭിഷേക ദ്രവ്യങ്ങൾ എത്തിച്ചു.ഉച്ചയോടെ പൊലീസ് പൊതുമരാമത്ത് വകുപ്പുകളുടെ കാവടികൾ എത്തിയതോടെ അഭിഷേകചടങ്ങുകൾ തുടങ്ങി.വൈകിട്ടു വരെ അഭിഷേകം തുടർന്നു.രാത്രി പ്രത്യേക പൂജയും നടന്നു.
സർക്കാർ വകുപ്പുകളുടെ കാവടി
രാജഭരണകാലത്തെ ആചാരങ്ങളുടെ തുടർച്ചയായി പൊലീസും പൊതുമരാമത്ത് വകുപ്പും കാവടിയെടുത്തു. തക്കല പൊലീസ് സ്റ്റേഷനിൽ നിന്ന് രണ്ട് കാവടികളും ആനപ്പുറത് പാൽകുടവുമായാണ് ഇക്കുറി കുമാരകോവിലിൽ എത്തിയത്.കാവടികളുടെ യാത്രഅയപ്പ് ചടങ്ങിൽ തക്കല ഡിവൈ.എസ്.പി രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.തക്കല പൊതുമരാമത്ത് വകുപ്പ് ഓഫീസിൽ നിന്ന് മൂന്ന് കാവടികളും ആനപ്പുറത്ത് പാൽകുടവുമായി ക്ഷേത്രത്തിൽ എത്തി.