lisa

ന്യൂസിലാൻഡിലെ ഓക്ക്ലൻഡ് സ്വദേശിനിയായ ലിസ റീഡിന് 11 വയസുള്ളപ്പോഴാണ് കാഴ്ച ശക്തി നഷ്ടപ്പെട്ടത്. ലിസയുടെ മസ്തിഷ്കത്തിൽ രൂപപ്പെട്ട ബ്രെയിൻ ട്യൂമർ കണ്ണിലേക്കുള്ള നാഡികളിൽ ക്ഷതമേൽപ്പിച്ചതാണ് കാഴ്ച പൂർണമായും നഷ്ടമാകാൻ കാരണം. എന്നാൽ പത്ത് വർഷങ്ങൾക്ക് ശേഷം ലിസയ്ക്ക് കാഴ്ച ശക്തി തിരിച്ചു കിട്ടി. അതും ഒറ്റ രാത്രിക്കൊണ്ട് വൈദ്യശാസ്ത്രത്തെ പോലും അമ്പരപ്പിച്ച് കൊണ്ട്.!

24 വയസുള്ളപ്പോൾ ഒരു ദിവസം രാത്രി ഉറങ്ങുന്നതിന് മുമ്പ് തറയിൽ കിടന്ന തന്റെ പ്രിയപ്പെട്ട ഗൈഡ് ഡോഗ് എമിയെ എടുക്കാനായി കുനിഞ്ഞ് എഴുന്നേൽക്കവെ ലിസയുടെ തല മേശയിൽ ശക്തമായി ഇടിക്കുകയുണ്ടായി. ലിസ അത് അത്ര കാര്യമാക്കാതെ ഉറങ്ങാൻ പോയി. പിറ്റേ ദിവസം രാവിലെ ഉറക്കമുണർന്നപ്പോൾ ലിസയ്‌ക്ക് വിശ്വസിക്കാനായില്ല. തന്റെ കാഴ്‌ച തിരിച്ചു ലഭിച്ചിരിക്കുന്നു..! തന്റെ വീട്ടുകാരെയെല്ലാം ലിസ വീണ്ടും കണ്ടു. വാർത്ത കേട്ട എല്ലാവരും അമ്പരന്നു. 2000 നവംബർ 15നാണ് സംഭവം നടക്കുന്നത്. എന്നാൽ ലിസയ്ക്ക് പൂർണമായും കാഴ്ച പൂർണമായി തിരിച്ചു കിട്ടിയിട്ടില്ല. നേരിയ കാഴ്ചയിലും ലിസയ്ക്ക് ലോകം ആസ്വദിക്കാൻ കഴിയുന്നുണ്ട്. തന്റെ ഗൈഡ് ഡോഗായ എമിക്കാണ് ലിസ നന്ദി പറയുന്നത്. എമി കാരണമാണ് അങ്ങനെയൊരു സംഭവം ഉണ്ടായതും തനിക്ക് നഷ്‌ടപ്പെട്ട കാഴ്‌ചയുടെ ഒരു ഭാഗം വീണ്ടെടുക്കാൻ കഴിഞ്ഞതെന്നും എമി പറയുന്നു. ന്യൂസിലൻഡിലെ ബ്ലൈൻഡ് ഫൗണ്ടേഷനാണ് ലിസയ്‌ക്ക് പരിശീലനം ലഭിച്ച എമിയെന്ന ഗൈഡ് ഡോഗിനെ നൽകിയത്. കാഴ്‌ച ഇല്ലാത്ത ആയിരക്കണക്കിന് പേർക്ക് സഹായം നൽകുന്ന സംഘടനയാണ് ബ്ലൈൻഡ് ഫൗണ്ടേഷൻ. ലിസയ്‌ക്ക് കാഴ്‌ചയുടെ ഒരു ഭാഗം തിരിച്ചു ലഭിച്ചതിന്റെ യഥാർത്ഥ കാരണമെന്തെന്ന് വിശദീകരിക്കാൻ ഡോക്‌ടർമാർക്ക് കഴിഞ്ഞില്ല. വൈദ്യശാസ്ത്രത്തിൽ ഇങ്ങനെയൊരു അത്ഭുതം എങ്ങനെ സംഭവിച്ചു എന്നതിന് ഉത്തരം കണ്ടെത്താനാകുന്നില്ലെന്നാണ് ലിസയുടെ ഡോക്‌ടർമാർ പറഞ്ഞത്. വിശദമായ പരിശോധനയിൽ ലിസയ്‌ക്ക് പൂർണമായും കാഴ്‌ചയില്ലെന്നും ഇടത്തെ കണ്ണിന് മാത്രം പരിമിതമായ കാഴ്ച ശക്തിയുണ്ടെന്നുമാണ് കണ്ടെത്തൽ. ലിസയുടെ ഒപ്ടിക് നാഡികൾ ഇപ്പോഴും ക്ഷതമേറ്റ നിലയിൽ തന്നെയാണ്. 43 കാരിയായ ലിസ ഇപ്പോൾ എല്ലാ വർഷവും ബ്ലൈൻഡ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ബ്ലൈൻഡ് വീക്കിൽ കാഴ്ചശക്തിയില്ലാത്തവരെ സഹായിക്കുന്നതിന് വേണ്ടിയുള്ള ക്യാംപെയിനുകളിൽ പങ്കെടുക്കാറുണ്ട്.