തിരുവനന്തപുരം: ദേശീയ പൗരത്വ നിയമം മുസ്ലിം വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയ​റ്റംഗം ആനത്തലവട്ടം ആനന്ദൻ പറഞ്ഞു. ഇതിനെതിരെ സി.പി.എം ചാല, പാളയം, വഞ്ചിയൂർ ഏരിയ കമ്മി​റ്റികളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജി.പി.ഒ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയ പൗരത്വ രജിസ്റ്ററിന്റെ കണക്കെടുപ്പ് തുടങ്ങുന്നതോടെ രാജ്യത്ത് ഹിന്ദു – മുസ്ലിം വിഭജനം നടപ്പാക്കുക എന്നതാണ് സംഘപരിവാർ ലക്ഷ്യമിടുന്നതെന്നും ദേശീയ ബോധമുള്ള മതേതര വിശ്വാസികൾ നിയമത്തിനെതിരെ പ്രതികരിക്കണമെന്നും ഭരണഘടനാവിരുദ്ധമായ ഒരു നടപടിയും കേരളത്തിലെ ജനങ്ങൾ അംഗീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ അദ്ധ്യക്ഷനായി. സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ, കെ.ടി.ഡി.സി ചെയർമാൻ എം. വിജയകുമാർ, എസ്. പുഷ്പലത, പാളയം ഏരിയ സെക്രട്ടറി സി പ്രസന്നകുമാർ, ജില്ലാ കമ്മി​റ്റി അംഗം വി.എസ് പത്മകുമാർ തുടങ്ങിയവർ സംസാരിച്ചു.