തിരുവനന്തപുരം: ബി.ജെ.പി നിയോജക മണ്ഡലം, ജില്ലാ പ്രസിഡന്റുമാരെ സമവായത്തിലൂടെ തീരുമാനിക്കും. ഇവർ മാത്രമായിരിക്കും നാമനിർദ്ദേശ പത്രിക സമർപ്പിക്കുക. നിയോജക മണ്ഡലം പ്രസിഡന്റുമാരെ നിശ്ചയിക്കാനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചു.
ഓരോനിയോജക മണ്ഡലത്തിലെയും കമ്മിറ്രി അംഗങ്ങൾ, പഞ്ചായത്ത് പ്രസിഡന്റുമാർ, പോഷക സംഘടനകളുടെ മണ്ഡലം ഭാരവാഹികൾ, മണ്ഡലത്തിൽ നിന്നുള്ള ഉപരി കമ്മിറ്രി അംഗങ്ങൾ എന്നിവരുടെ യോഗത്തിൽ നിന്നാണ് പ്രസിഡന്റിനെ നിശ്ചയിക്കുക. പ്രസിഡന്റാവാൻ താത്പര്യമുള്ളവർക്ക് എത്രത്തോളം പിന്തുണയുണ്ടെന്നറിയാനാണിത്. സംസ്ഥാന കോർ കമ്മിറ്രി അംഗം, സംസ്ഥാന ഭാരവാഹിയായ ഒരാൾ, ജില്ലാ കമ്മിറ്രി തിരഞ്ഞെടുപ്പ് വരണാധികാരി എന്നിവർ ഈ യോഗങ്ങളിൽ പങ്കെടുക്കും. മണ്ഡലങ്ങളിൽ നിന്ന് ലഭിച്ച റിപ്പോർട്ടുകൾ സംസ്ഥാന കോർ കമ്മിറ്രി വിശകലനം ചെയ്താവും ആര് നാമനിർദ്ദേശ പത്രിക നൽകണമെന്ന് തീരുമാനിക്കുക.
ക്രിസ്മസിന് ശേഷം ജില്ലകളിലെ സമവായ പ്രക്രിയ തുടങ്ങും. ദേശീയ പ്രതിനിധികളും ചർച്ചകളിൽ പങ്കെടുക്കും. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിൽ ദേശീയ സെക്രട്ടറി എച്ച്. രാജ, കേന്ദ്രമന്ത്രി വി. മുരളീധരൻ, സഹ സംഘടന സെക്രട്ടറി കെ. സുഭാഷ് എന്നിവരും തൃശൂർ മുതൽ വടക്കോട്ടുള്ള ജില്ലകളിൽ കർണാടക സംസ്ഥാന പ്രസിഡന്റ് നളിൻകുമാർ കട്ടീൽ എം.പി, സംസ്ഥാന സംഘടന സെക്രട്ടറി എം. ഗണേശ്, കുമ്മനം രാജശേഖരൻ എന്നിവരും പങ്കെടുക്കും.
ജില്ല, നിയോജക മണ്ഡലം പ്രസിഡന്റുമാർ മറ്ര് ഭാരവാഹികളെ പിന്നീട് നാമനിർദ്ദേശം ചെയ്യും. ജില്ലാ പ്രസിഡന്റ് തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ മണ്ഡലങ്ങളുടെ എണ്ണത്തിന് തുല്യമായ സംസ്ഥാന കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുക്കും. സംസ്ഥാന പ്രസിഡന്റിനായുള്ള സമവായ ചർച്ചകളിൽ ആർ.എസ്.എസ് നേതൃത്വത്തെ പങ്കെടുപ്പിക്കും.