ആറ്റിങ്ങൽ: ഹരിതകേരള മിഷൻ നീർച്ചാലുകളുടെ വീണ്ടെടുപ്പിനും സംരക്ഷണത്തിനുമായി തദ്ദേശ സ്ഥാപനങ്ങൾ മുഖേനെ നടപ്പാക്കുന്ന 'ഇനി ഞാൻ ഒഴുകട്ടെ' എന്ന പദ്ധതിയുടെ ഭാഗമായി ആറ്റിങ്ങൽ ടൗണിൽ 23 വാർഡുകളിലായി 26 തോടുകളും, കുളങ്ങളും പുനൻ നിർമ്മിച്ച് ഉപയോഗപ്രദമാക്കാൻ തീരുമാനിച്ചു. ഒരു തദ്ദേശസ്ഥാപനത്തിൽ ഒരു പദ്ധതിയാണ് ഹരിതകേരള മിഷൻ വിഭാവനം ചെയ്യുന്നത്.എന്നാൽ ആറ്റിങ്ങലിൽ ആകെ 26 പദ്ധതികളാണ് ജനകീയ സഹകരണത്തോടെ ഏറ്റെടുക്കുന്നതെന്ന് നഗരസഭാ ചെയർമാൻ എം. പ്രദീപ് പറഞ്ഞു. എ.സി.എ.സി ജംഗ്ഷനിലെ ഹരിശ്രീകുളവും അനുബന്ധ നീർച്ചാലുകളും ശുചീകരിച്ച് അഡ്വ. ബി. സത്യൻ എം.എൽ.എ പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. വിവിധ സന്നദ്ധ പ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, വാർഡ് കൗൺസിലർമാർ തുടങ്ങിയവരുടെ ജനകീയ കൂട്ടായ്മയിലൂടെയാണ് ഈ പ്രവർത്തനം നടക്കുന്നതെന്നും ചെയർമാൻ പറഞ്ഞു.