തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വികസനത്തിനായി പിണറായി സർക്കാർ കൊട്ടിഘോഷിച്ച് കൊണ്ടുവന്ന കിഫ്ബി പൂർണ്ണ പരാജയമെന്ന് യു.ഡി.എഫിന്റെ ധവളപത്രം. അഴിമതിയുടെയും ധൂർത്തിന്റെയും കേന്ദ്രമായി അത് മാറി. കിഫ്ബിയുടെ പ്രവർത്തനച്ചെലവ് മാത്രം ഒരു വർഷം 25കോടി.. പരസ്യച്ചെലവ് ഇതിന് പുറമെയും. നിയമസഭയ്ക്ക് പോലും ഒരധികാരവുമില്ലാതെ ബഡ്ജറ്റിന് പുറത്ത് നിന്ന് കോടിക്കണക്കിന് രൂപ കിഫ്ബിയുടെ പേരിൽ വിനിയോഗിക്കുന്നുവെന്ന് .ധവളപത്രം പുറത്തിറക്കിയ ശേഷം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാർത്താലേഖകരോട് പറഞ്ഞു.
കഴിഞ്ഞ മൂന്നര വർഷത്തിൽ 45619കോടിയുടെ 591 പ്രോജക്ടുകൾക്ക് കിഫ്ബി ബോർഡ് അംഗീകാരം നൽകി. എന്നാൽ 553.97കോടിയുടെ മൂന്ന് ഉപപദ്ധതികളേ പൂർത്തിയാക്കാനായുള്ളൂ. പ്രവൃത്തികളുടെ ഗുണനിലവാര പരിശോധനയ്ക്ക് അപ്രൈസൽ വിഭാഗവും ജീവനക്കാരുമുണ്ടെങ്കിലും പരിശോധനയൊന്നും നടക്കുന്നില്ല. കിഫ്ബി ചീഫ് എക്സാമിനറുടെ മാസശമ്പളം 2.53ലക്ഷം രൂപയാണ്. പദ്ധതികളെപ്പറ്റി ധനവകുപ്പ് അറിയുന്നില്ല. കിഫ്ബി സി.ഇ.ഒ പരിശോധിച്ച ശേഷം , സ്പെഷ്യൽ സെക്രട്ടറി പദവി ഉപയോഗിച്ച് അദ്ദേഹം തന്നെ സർക്കാർ പരിശോധന നടത്തിയെന്ന് കാട്ടി അംഗീകാരം നൽകുന്നു. കിഫ്ബി മസാലബോണ്ട് വഴി സ്വരൂപിച്ച 2150കോടി ന്യൂജനറേഷൻ ബാങ്കുകളിലാണിട്ടത്. ഓഫീസ് വാടക മാസം 7,49,236രൂപയാണ്. പിൻവാതിൽനിയമനവും തകൃതി. കിഫ്ബി പതിനായിരം കോടി നൽകുന്ന ട്രാൻസ്ഗ്രിഡ് പദ്ധതിയിൽ വലിയ അഴിമതിയാണെന്നും ധവളപത്രം ആരോപിക്കുന്നു.
മറ്റ് പ്രധാന ധൂർത്തുകൾ
മന്ത്രിസഭ. നൂറാംദിന ആഘോഷം- 2.24കോടി.
ഒന്നാം വാർഷികം- 18.6കോടി.
ആയിരം ദിവസം - 10.27കോടി.
സോളാർകേസിൽ ഉമ്മൻ ചാണ്ടിക്കെതിരെ
വക്കീലിനെ കൊണ്ടുവരാൻ- 1.20കോടി.
നവോത്ഥാന സമുച്ചയം -700കോടി.
നിയമസഭയിലെ ചിൽഡ്രൻസ് ലൈബ്രറി
പൊളിച്ച് ഇ.എം.എസ് സ്മൃതി- 82.56ലക്ഷം.
മുഖ്യമന്ത്രിക്ക് 7 പ്രത്യേക ഉപദേശകർ.
നാല് അധിക കാബിനറ്റ് പദവികൾ
മഹാപ്രളയത്തിന് ശേഷം വാങ്ങിയ
വാഹനങ്ങൾ -3.5 കോടി